Local newsVATTAMKULAM

കനിവ് ബഡ്സ് സ്കൂളിൽ മൾച്ചിങ് ഷീറ്റ് വിരിച്ച് തൈ നടൽ ഉദ്ഘാടനം നടത്തി

വട്ടംകുളം: കനിവ് ബഡ്സ് സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൂതന കാർഷിക രീതികൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മൾച്ചിങ് ഷീറ്റ് വിരിച്ച് പച്ചക്കറി തൈ നടൽ പരിപാടി സംഘടിപ്പിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് എം.എ. നജീബ് ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ സ്വാഗതം ആശംസിച്ച വട്ടംകുളം കൃഷി ഓഫീസർ വിഷ്ണുദാസ് ടി.എൻ. മൾച്ചിങ് കൃഷിരീതിയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. മൾച്ചിങ് ഷീറ്റ് ഉപയോഗിക്കുന്നത് മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനും കളകളുടെ വളർച്ച നിയന്ത്രിക്കുന്നതിനും ജലത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനും വിളകളുടെ വളർച്ച മെച്ചപ്പെടുത്തുന്നതിനും സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു. ജൈവകൃഷിയുടെ പ്രാധാന്യം, ശാസ്ത്രീയ കാർഷികരീതികൾ, കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന കൃഷി സാങ്കേതികവിദ്യകൾ എന്നിവയും കുട്ടികൾക്ക് പരിചയപ്പെടുത്തി. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ കൃഷിയോടുള്ള താൽപര്യവും തൊഴിൽനൈപുണിയും പരിസ്ഥിതി സംരക്ഷണബോധവും വളർത്താൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന് വിവിധ ഇനം പച്ചക്കറി തൈകൾ നട്ടു. വിത്ത് നടൽ, ജൈവവള പ്രയോഗം, ജലസേചനം, വിളപരിപാലനം എന്നിവയെക്കുറിച്ചുള്ള പ്രായോഗിക പരിശീലനവും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നൽകി.

കനിവ് ബഡ്സ് സ്കൂളിൽ വർഷം മുഴുവൻ കാർഷിക പ്രവർത്തനങ്ങൾ സജീവമായി നടപ്പിലാക്കിവരുന്നു. പച്ചക്കറി കൃഷി, ചീരകൃഷി, വെണ്ട, വഴുതന, മുളക്, പയർ, തക്കാളി, കാബേജ്, കോളിഫ്ലവർ തുടങ്ങിയ വിവിധ വിളകളുടെ കൃഷി, ഗ്രോ ബാഗ് കൃഷി, ടെറസ് കൃഷി, വാഴകൃഷി, പൂച്ചെടി കൃഷി, ഔഷധസസ്യത്തോട്ടം, ജൈവവള നിർമ്മാണം, കമ്പോസ്റ്റ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ നേരിട്ട് പങ്കാളികളാകുന്നു. കാർഷിക ഉൽപ്പന്നങ്ങൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനും ഉപയോഗിക്കുന്നതിനൊപ്പം അധികമായി ലഭിക്കുന്നവ പൊതുജനങ്ങൾക്ക് വിൽപ്പന നടത്തി കുട്ടികളുടെ തൊഴിൽപരിശീലനത്തിനും വരുമാന സംരംഭങ്ങൾക്കും പിന്തുണ നൽകുകയും ചെയ്യുന്നു. ചടങ്ങിൽ കുടുംബശ്രീ സി.ഡി.എസ്. പ്രസിഡന്റ് ബിന്ദു, വാർഡ് മെമ്പർമാരായ പ്രവിജ, ജാഫർ, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ്, പി.ടി.എ. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, അഗ്രി സി.ആർ.പി. ബബിനി, അധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. സ്കൂൾ HM ഗിരിജ നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button