എടപ്പാൾ മേൽപാലം കടന്നാൽ ‘ബ്ലോക്ക് ’
എടപ്പാൾ: മേൽപാലം യാഥാർഥ്യമായതോടെ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കഴിഞ്ഞെങ്കിലും പാലം കടന്ന് താഴെയെത്തുമ്പോഴുണ്ടാകുന്ന ഗതാഗത പ്രശ്നങ്ങൾക്ക് പൂർണമായ പരിഹാരം കാണാനാകുന്നില്ല. കുറ്റിപ്പുറം – തൃശൂർ റോഡുകളിൽ പാലം അവസാനിക്കുന്ന ഭാഗത്ത് സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ളവ നിർത്തിയിടുന്നതുമൂലം പാലം കടന്നുവരുന്ന വാഹനങ്ങളും സർവീസ് റോഡുകളിലൂടെ എത്തുന്ന വാഹനങ്ങളും കുരുക്കിൽ അകപ്പെടുന്നതു പതിവാണ്.
പൊലീസിന്റെ നേതൃത്വത്തിൽ ഒട്ടേറെ തവണ താക്കീത് നൽകാറുണ്ടെങ്കിലും ഇവരുടെ അസാന്നിധ്യത്തിൽ പഴയപടി തുടരുകയാണ്. കുറ്റിപ്പുറം റോഡിൽ പാലത്തോടു ചേർന്ന് നേരത്തേ ഉണ്ടായിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപം തന്നെയാണ് ബസുകൾ നിർത്തിയിടുന്നത്. ഇതുമൂലം പിറകിൽ വരുന്ന വാഹനങ്ങൾ കടന്നു പോകാൻ കഴിയാതെ ബുദ്ധിമുട്ടിലാകും.
തൊട്ടടുത്ത് മറ്റൊരു കാത്തിരിപ്പു കേന്ദ്രം ഉണ്ടായിരുന്നെങ്കിലും വാഹനം ഇടിച്ച് ഇത് തകർന്നിരുന്നു. ഇത് പൊളിച്ചു മാറ്റി അടുത്തിടെ മറ്റൊന്ന് പണിയാൻ ശ്രമം തുടങ്ങി. എന്നാൽ ട്രാൻസ്ഫോമറിനോടു ചേർന്ന് കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്നതിന് എതിരെ പ്രതിഷേധം ഉയർന്നതോടെ ഈ ശ്രമം ഉപേക്ഷിച്ചു. മറ്റൊരു സ്ഥലം കണ്ടെത്തി അവിടെ നിർമിക്കാനാണ് തീരുമാനം.
തൊട്ടടുത്ത് കെഎസ്ആർടിസി ബസുകളിൽ പോകുന്നവർക്കായി മറ്റൊരു കാത്തിരിപ്പുകേന്ദ്രംകൂടി നിർമിച്ചിട്ടുണ്ടെങ്കിലും ഇവിടെ ആരും നിൽക്കുന്നില്ല. തൃശൂർ റോഡിലെ അവസ്ഥയും പഴയപടി തന്നെയാണ്. ഇവിടെയും ബസുകൾ റോഡിൽ നിർത്തിയിടുന്നത് മൂലം പലപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ട്രാഫിക് റഗുലേറ്ററി അതോറിറ്റി യോഗത്തിൽ എടുത്ത തീരുമാനങ്ങളിൽ പലതും ഇനിയും നടപ്പിലാക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
ടൗണിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി ഉടൻ തീരുമാനമെടുക്കും. കുറ്റിപ്പുറം റോഡിലെ ബസ് കാത്തിരിപ്പു കേന്ദ്രം യോജ്യമായ സ്ഥലത്ത് നിർമിക്കും. ബസുകൾ കയറ്റി നിർത്താൻ കർശന നിർദേശം നൽകാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിർദേശം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ആവശ്യമെങ്കിൽ ട്രാഫിക് റഗുലേറ്ററി യോഗം വീണ്ടും ചേർന്ന് കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും
സി.രാമകൃഷ്ണൻ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ടൗണിൽ കൂടുതൽ പൊലീസിനെ നിയോഗിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണും. ഒട്ടേറെ തവണ ബസുകൾക്ക് മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും പൊലീസിന്റെ അഭാവത്തിൽ പഴയപടി തുടരുകയാണ്. കുറ്റിപ്പുറം റോഡിൽ പുതിയ കാത്തിരിപ്പ് കേന്ദ്രം നിർമിക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്ഥാപന അധികൃതരുമായി ചർച്ച നടത്തി ഉടൻ തീരുമാനം കൈക്കൊള്ളും. ടൗണിലെ മറ്റു പ്രശ്നങ്ങൾ പരിഹരിക്കാനും നടപടി സ്വീകരിക്കും.
ബഷീർ ചിറക്കൽ, ചങ്ങരംകുളം സിഐ.
