KERALA

സര്‍ക്കാരും വ്യാപാരികളും നേര്‍ക്കുനേര്‍; മറ്റന്നാള്‍ മുതല്‍ എല്ലാ കടകളും എല്ലാ ദിവസവും തുറക്കും

തിരുവനന്തപുരം: പെരുന്നാൾ കണക്കിലെടുത്ത് എല്ലാകടകളും എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകാത്തതിനാൽ മറ്റന്നാൾ മുതൽ സ്വന്തം നിലയ്ക്ക് കടകൾ പൂർണമായും തുറക്കാൻ വ്യാപാരികൾ. നിലവിലെ ഇളവുകൾ പര്യാപ്തമല്ലെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീൻ പറഞ്ഞു.

ടിപിആർ അടിസ്ഥാനത്തിലുള്ള നിലവിലെ നിയന്ത്രണരീതി തന്നെ തെറ്റാണെന്നാണ് പ്രതിപക്ഷ നിലപാട്. കൊവിഡിൽ തകർന്നവരെ സഹായിക്കാൻ സർക്കാർ കൊവിഡ് ദുരന്ത നിവാരണ കമ്മീഷൻ രൂപീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.

കോഴിക്കോട്ട് പരസ്യമായി രംഗത്തിറങ്ങിയ വ്യാപാരികളുടെ സമരം പൊതുവികാരമായി കണക്കിലെടുത്ത് കൂടിയാണ് നിയന്ത്രണങ്ങളിൽ ഇന്ന് സർക്കാർ പുനഃപരിശോധന നടത്തിയത്. പക്ഷെ ഇത് പോരെന്ന് വ്യക്തമാക്കുകയാണ് വ്യാപാരികൾ. കൊവിഡ് കാലത്ത് ഉടനീളം തകർച്ചയിലായിരുന്ന മേഖലയാണിത്. പെരുന്നാൾ പശ്ചാത്തലത്തിൽ എല്ലാദിവസവും എല്ലാ കടകളും തുറക്കണമെന്ന ആവശ്യത്തിലുറച്ചു നിൽക്കുകയാണ്. സർക്കാരനുവദിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തുറക്കാനാണ് തീരുമാനം.

കോഴിക്കോട് ഇന്നും വ്യാപാരികളുടെ സമരമുണ്ടായി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും സമര പരമ്പര. ബ്യൂട്ടി പാർലറുകൾ ഇനിയും തുറക്കാനനുവദിക്കാത്തതിൽ ബ്യൂട്ടിഷ്യന്മാരും തെരുവിലിറങ്ങി.

സമരങ്ങളെ പിന്തുണയ്ക്കുന്ന പ്രതിപക്ഷം, ടിപിആർ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പാടാക്കുന്ന നിലവിലെ രീതിയെത്തന്നെ ചോദ്യം ചെയ്യുകയാണ്. കൃത്യമായ പരിശോധനകൾ പോലും നടക്കാത്ത അശാസ്ത്രീയമായ രീതി മാറ്റണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.

ഇളവുകൾ വ്യാപനത്തിനിടയാക്കുമെന്ന മുന്നറിയിപ്പ് നിലനിൽക്കെ, കൂടുതൽ മേഖലകളിൽ നിന്ന് ഇളവുകൾ കൂടിയേ തീരൂ എന്ന് സർക്കാരിന് മുകളിൽ സമ്മർദ്ദം ശക്തമാവുകയാണ്.

ടിപിആർ അടിസ്ഥാനമാക്കി തദ്ദേശഭരണസ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ നടപ്പാക്കരുതെന്നും, എത്ര കൊവിഡ് രോഗികളുണ്ട് എന്നത് കണക്കാക്കി വേണം നിയന്ത്രണങ്ങൾ എന്നുമാണ് വിദഗ്ധസമിതി നിർദേശിച്ചത്. മിക്കയിടങ്ങളിലും ടെസ്റ്റുകളുടെ എണ്ണം കൂട്ടി, ആളുകളെ ആകർഷിച്ച് ടിപിആർ കുറയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ടെസ്റ്റിൽ പങ്കെടുത്ത് സമ്മാനങ്ങൾ ഓഫർ ചെയ്യുന്ന തദ്ദേശഭരണസ്ഥാപനങ്ങൾ പോലുമുണ്ട്. എന്നാൽ അവിടത്തെ കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നാലും ടിപിആർ കുറഞ്ഞ് കാണുന്നതിനാൽ, നിയന്ത്രണങ്ങൾ അതനുസരിച്ചിട്ടുള്ളത് മാത്രമായിരിക്കും. ഇത് അശാസ്ത്രീയമാണെന്നാണ് വിദഗ്ധസമിതി ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, കടകൾ തുറക്കുന്നത് ചില ദിവസങ്ങളിൽ മാത്രമാകുന്നതിലെ അശാസ്ത്രീയതയും വിദഗ്ധസമിതി ചൂണ്ടിക്കാട്ടുന്നു. ഈ ദിവസങ്ങളിൽ വലിയ തിരക്കാണ് കടകളിൽ അനുഭവപ്പെടുന്നതെന്നും വിദഗ്ധസമിതി നിരീക്ഷിക്കുന്നു. അതിന് പകരം ഓഫീസുകളുടെയും കടകളുടെയും പ്രവർത്തനസമയം കൂട്ടുകയാണ് വേണ്ടതെന്നും നിർദേശം ഉയർന്നു.

മൂന്നാം തരംഗം നമ്മുടെ തൊട്ടടുത്തുണ്ടെന്നും, എല്ലാ തരത്തിലും ജാഗ്രത വേണമെന്നും ഐഎംഎയും മുന്നറിയിപ്പ് നൽകിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button