NATIONAL

ഷാരൂഖ് ഖാന്റെ വീട്ടില്‍ എന്‍.സി.ബി റെയ്ഡ്.

ആര്യന്‍ ഖാന്റെ കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മുംബൈയിലെ വീട്ടില്‍ എന്‍.സി.ബി റെയ്ഡ്. കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ വെച്ച് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ മകന്‍ ആര്യന്‍ ഖാനെ കാണാന്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ ഇന്ന് ആര്‍തര്‍ റോഡ് ജയിലിലെത്തിയിരുന്നു. ആര്യന് ഖാന് കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ച ശേഷമായിരുന്നു സന്ദര്‍ശനം. പലവട്ടം ഹരജി നല്‍കിയിട്ടും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. നടന്‍ ചങ്കി പാണ്ഡയുടെ മകളും ബോളിവുഡ് നടിയുമായ അനന്യ പാണ്ഡയുടെ വീട്ടിലും എന്‍ സി ബി റെയ്ഡ് നടത്തി. അനന്യ പാണ്ഡെയോട് ഇന്ന് രണ്ടുമണിയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എന്‍ സി ബി നിര്‍ദേശിച്ചിട്ടുണ്ട്. അനന്യയുടെ ഫോണ്‍ എന്‍ സി ബി പിടിച്ചെടുത്തിട്ടുമുണ്ട്.

അതേസമയം ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ മുംബൈ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി വാദം കേള്‍ക്കണമെന്ന ആര്യന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും മുംബൈ ഹൈക്കോടതി പരിഗണിച്ചില്ല. മുംബൈ ലഹരിക്കേസില്‍ ആര്യന്‍ ഖാന്റെ സുഹൃത്തുക്കളായ അര്‍ബാസ് മര്‍ച്ചന്റിനും മുന്‍ മുന്‍ ധമേച്ചക്കും ജാമ്യം ലഭിച്ചിട്ടില്ല. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് എന്‍സിബി വാദിക്കുകയായിരുന്നു. കേസിലെ വിദേശ ബന്ധം വ്യക്തമായിട്ടുണ്ടെന്നും എന്‍സിബി കോടതിയെ അറിയിച്ചു. എന്നാല്‍ തെളിവൊന്നും കണ്ടെത്താത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ വാദിച്ചു.
ആര്യന്റെ മൊബൈലിലെ ചാറ്റില്‍ നിന്നും ലഹരി ഇടപാട് സംബന്ധിച്ച തെളിവ് ലഭിച്ചെന്നാണ് എന്‍സിബി കോടതിയെ അറിയിച്ചത്. ഒക്ടോബര്‍ ഏഴിനാണ് ആര്യന്‍ ഖാനെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ന്ന് ആര്‍തര്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു. ജയില്‍ മോചിതനായാല്‍ നല്ല കുട്ടിയാവുമെന്നും ആളുകളെ സഹായിക്കുമെന്നും ആര്യന്‍ ഖാന്‍ കൗണ്‍സിലിങിനിടെ പറഞ്ഞതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്‍ജിഒ പ്രവര്‍ത്തകരും എന്‍സിബി ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ആര്യന്‍ ഖാനെയും കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെയും കൗണ്‍സിലിങ്ങിന് വിധേയമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button