KERALA

വിവാഹത്തിന് 500 പേരെ പങ്കെടുപ്പിക്കണെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ്; ‘വിവാഹ വേദി സെന്‍ട്രല്‍ സ്റ്റേഡിയത്തേക്കാള്‍ വലുത്’

യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവിന്റെ വിവാഹ സല്‍ക്കാരത്തിന് 500 പേരെ പങ്കെടുപ്പിക്കാന്‍ അനുമതി തേടി അപേക്ഷ. തിരുവനന്തപുരത്തെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ മുട്ടപ്പലം സജിത്ത് ആണ് തന്റെ വിവാഹത്തിന് 500 ക്ഷണിതാക്കളെ പങ്കെടുപ്പിക്കുന്നതിനായി ചിറയിന്‍ കീഴ് എസ്‌ഐയോട് അനുമതി തേടിയത്.

എല്ലാ കൊവിഡ് പ്രോട്ടോകോളുകളും പാലിക്കുമെന്നും സാമൂഹിക അകലം പാലിച്ച് ഇരിക്കാന്‍ പറ്റിയ വലിയ പന്തല്‍ ആണെന്നും അപേക്ഷയില്‍ പറയുന്നു.
സെന്‍ട്രല്‍ സ്റ്റേഡിയത്തേക്കാള്‍ വലുപ്പമുള്ള ശാര്‍ക്കര ക്ഷേത്രമൈതാനമാണ് വിവാഹ വേദി. ജൂണ്‍ 15 ന് നിശ്ചയിച്ചിട്ടുള്ള വിവാഹത്തിന്റെ ക്ഷണക്കത്ത് അടക്കം പൊലീസിന് കൈമാറിയ അപേക്ഷയിലുണ്ട്.

മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമുള്ള അവകാശങ്ങള്‍ ജനപ്രതിനിധിയായ തനിക്കുമുണ്ടെന്നും സജിത്ത് പറയുന്നു. സജിത്തിന്റെ അവശ്യത്തില്‍ എന്തു തീരുമാനമെടുക്കുമെന്ന ആശങ്കയിലാണ് പൊലീസ്. ഉന്നത പൊലീസ് അധികൃതരുമായി സംസാരിച്ച ശേഷം തീരുമാനം അറിയിക്കാമെന്ന് എസ്‌ഐ അറിയിച്ചു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ സര്‍ക്കാരിന്‍രെ സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്തുന്നതിനെതിരെ വിമര്‍ശനങ്ങളുയരുന്നിടെയാണ് യൂത്ത് കോണ്‍്ഗര്‌സ നേതാവ് ഈ ആവശ്യമുന്നയിച്ചത്.

സത്യപ്രതിജ്ഞാചടങ്ങിന് എത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന് ഇന്നലെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എല്ലാ എംഎല്‍എമാരും മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കുണ്ടാകണമോ എന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ തീരുമാനിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

മന്ത്രിമാരുടെ കുടുംബാംഗങ്ങളല്ലാതെ എംഎല്‍എമാരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ചടങ്ങിനെത്തുന്നത് ഒഴിവാക്കണം, ചടങ്ങിന്റെ ഔദ്യോഗിക ചുമതലയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ എന്നും കോടതി പറഞ്ഞു.

പ്രത്യേക ക്ഷണിതാക്കളായ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെയും ദുരിതാശ്വാസ നിധിയിലേയ്ക്കും മറ്റും സംഭാവന നല്‍കിയവരെയും പങ്കെടുപ്പിക്കണോ എന്ന കാര്യത്തില്‍ ചീഫ് സെക്രട്ടറി തീരുമാനമെടുക്കണം എന്നുമാണ് കോടതി നിര്‍ദേശം. അതേസമയം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ചടങ്ങു നടത്തുന്നതില്‍ കോടതി എതിര്‍ത്തില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button