PONNANI

സ്വാതന്ത്ര്യസമര സ്മരണയിൽ പൊന്നാനി എവി സ്കൂൾ

പൊന്നാനി: ബ്രിട്ടിഷ് വിരുദ്ധ പോരാട്ടങ്ങളുടെ ഗംഭീര ചരിത്രമുള്ള നാടാണ് പൊന്നാനി. അതിൽത്തന്നെ പ്രത്യേകം പരാമർശിക്കേണ്ട സ്ഥാപനമാണ് പൊന്നാനി എവി ഹയർസെക്കൻഡറി സ്കൂൾ, പൊന്നാനി എവി സ്കൂൾ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഇടം പിടിക്കുന്നത് കേരളഗാന്ധി കെ.കേളപ്പന്റെ വരവോടെയാണ്. 1919ൽ എവി സ്കൂളിൽ ഫിസിക്സ് അധ്യാപകനായി കേളപ്പനെത്തിയതോടെ പൊന്നാനിയിലെ ബ്രിട്ടിഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് കൂടുതൽ ഗതികോർജം ലഭിച്ചു എന്നു പറയാം.

അദ്ദേഹത്തിന്റെ വരവോടെ സ്വാതന്ത്ര്യസമര സേനാനികളുടെ ഒരിടത്താവളമായി പൊന്നാനി മാറി. കേളപ്പൻ അധ്യാപകനായെത്തുന്ന കാലത്ത് ദ് ഹൈസ്കൂൾ, പൊന്നാനി എന്നായിരുന്നു എവി സ്കൂളിന്റെ പേര്. ദേശീയ പ്രസ്ഥാനത്തോട് ആഭിമുഖ്യമുള്ള അധ്യാപകരും വിദ്യാർഥികളുമായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. എവി സ്കൂളിൽ പഠിച്ച ഒട്ടേറെപ്പേർ പിന്നീട് സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിയിലേക്കു വന്നു. അവരുടെ നിര എണ്ണിയാൽത്തീരില്ല.
1935ൽ അന്നത്തെ എഐസിസി പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് പൊന്നാനി എവി ഹൈസ്കൂളിലെത്തിയിരുന്നു. പിന്നീട്, രാഷ്ട്രപതിയായ ശേഷം രാജേന്ദ്രപ്രസാദ് ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാനായി വീണ്ടും എത്തി. എവി സ്കൂളിലായിരുന്നു ഫണ്ട് സ്വരൂപണം. അന്നവിടെ വിദ്യാർഥിയായിരുന്ന ഇ.കെ.ഇമ്പിച്ചിബാവയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ചേർന്നു സ്വരൂപിച്ച തുകയും ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button