ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തി; ഡോക്ടറുടെ പരിശോധനയിൽ കണ്ടെത്തിയത് യുവാവിന്റെ പോക്കറ്റിലെ എം.ഡി.എം.എ..!
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവാവിന്റെ പോക്കറ്റിൽ നിന്ന് മാരക ലഹരിമരുന്നായ എം.ഡി.എം.എ പിടികൂടി. പട്ടാമ്പി ആമയൂർ ചിരങ്ങൻതൊടി വീട്ടിൽ സിബിനെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയിൽ നിന്ന് 21.42 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. എടപ്പാളിൽ വെച്ചാണ് സിബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടത്. തുടർന്ന് പരിക്കുകളോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയ്ക്കിടെ ഡോക്ടർ നടത്തിയ പരിശോധനയിലാണ് യുവാവിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന് പൊതി കണ്ടെത്തുന്നത്. സംഭവത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ ഉടൻ തന്നെ വിവരം പെരിന്തൽമണ്ണ പോലീസിനെ അറിയിച്ചു.**പോലീസ് സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് ഇത് എം.ഡി.എം.എയാണെന്ന് സ്ഥിരീകരിച്ചതും യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതും.
ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പ്രതിക്ക് മറ്റ് കണ്ണികളുമായി വല്ല ബന്ധവുമുണ്ടോ എന്നറിയാൻ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്