സെമിഹമ്പുകൾ കെണിയാവുന്നു:ദുരന്തങ്ങൾക്ക് കാതോർത്ത് തിരക്കേറിയ കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാത
ചങ്ങരംകുളം:സെമി ഹമ്പുകൾ മുഖം മിനുക്കിയതോടെ വലിയ ദുരന്തങ്ങൾക്ക് കൂടി കാതോർക്കുകയാണ് തിരക്കേറിയ കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാനപാത.ചങ്ങരംകുളം ചിയ്യാനൂർ പാടത്തും വളയംകുളത്തുമായി വാഹനങ്ങളുടെ അമിത വേഗത തടയുന്നതിനായി സ്ഥാപിച്ച സെമി ഹമ്പുകളാണ് സംസ്ഥാന പാതയെ ഭീതിയിലാക്കുന്നത്.മുന്നറിയിപ്പ് ബോർഡുകളോ പാതയോര വിളക്കുകളോ ഇല്ലാത്തതാണ് രാത്രി കാലങ്ങളിൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് അടക്കം എത്തുന്ന
ദീർഘദൂരവാഹനങ്ങൾക്ക് കെണിയാവുന്നത്. തിരക്കേറിയ പാതയിൽ കാളാച്ചാൽ മുതൽ ജില്ലാ അതിർത്ഥിയായ കടവല്ലൂർ വരെയുള്ള ഭാഗങ്ങൾ സ്ഥിരം അപകടമേഖലയാണ്.അപകടം കുറക്കുന്നതിനായി വളയംകുളത്തും ചിയ്യാനൂർ പാടത്തുമായി നിർമിച്ച സെമിഹമ്പുകൾ അപകടം വിതക്കാൻ തുടങ്ങി വർഷങ്ങളായെങ്കിലും ഒരു വതരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും അധികൃതർ ഇവിടെ ഒരുക്കിയിട്ടില്ല. പലപ്പോഴും വലിയ അപകടങ്ങൾ ഉണ്ടാവുമ്പോൾ മാത്രം സെമിഹമ്പിന് സമീപം താൽകാലികമായി സ്ഥാപിക്കുന്ന
ഡിവൈഡറുകൾ റോഡിലെ വെളിച്ചക്കുറവ് മൂലം ചരക്ക് ലോറികളോ മറ്റു ദീർഘദൂരവാഹനങ്ങളോ ഇടിച്ച് തെറുപ്പിക്കുന്നത് പതിവാണ്.ഹമ്പ് തിരിച്ചറിയാതെ ദൂര സ്ഥലങ്ങളിൽ നിന്ന് വരുന്ന ഇരുചക്ര വാഹനങ്ങൾ അടക്കമുള്ളവ ഹമ്പ് ചാടുന്നതും അപകടത്തിൽ പെടുന്നതും നിത്യ സംഭവമാണ്.ചരക്ക് ലോറികൾ അടക്കമുള്ള വലിയ വാഹനങ്ങൾ ഹമ്പ് ശ്രദ്ധയിൽ പെട്ട ഉടനെ ബ്രേക്കിടുന്നതും പുറകിൽ വരുന്ന വാഹനങ്ങൾ ഇടിച്ച് അപകടങ്ങൾ ഉണ്ടാവുന്നതും സ്ഥിരം കാഴ്ചയാണ്.ഹമ്പിന് സമീപത്തെ കുഴികളിൽ വീണ് അപകടത്തിൽ പെട്ട നിരവധി ഇപ്പോഴും ചികിത്സ യിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി പാതയുടെ നവീകരണം നടത്തി ഹമ്പ് പുനർനിർമാണം നടത്തിയെങ്കിലും പാതയോരത്തെ ഹമ്പുകൾ യാത്രക്കാർക്ക് തിരിച്ചറിയാനുള്ള സംവിധനങ്ങൾ ഒന്നും തന്നെ അധികൃതർ പാതയിൽ സ്ഥാപിച്ചിട്ടില്ല.റോഡിന്റെ ദിശാ സംവിധാനങ്ങൾ അടയാളപ്പെടുത്തിയ ബോർഡുകളോ തെരുവോര വിളക്കുകളോ ഇല്ലാത്തതാണ് പാതയിൽ അപകടഭീഷണി ഉയർത്തുന്നത്
നൂറ് കണക്കിന് ജീവൻ പൊലിഞ്ഞ പാതയിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന പ്രദേശത്തെ ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം അധികൃതർ
ഗൗരവത്തിൽ എടുക്കാത്തത് ജനങ്ങളെ രോഷാകുലരാക്കുന്നുണ്ട്.പാതയോരത്ത് ഒരു തെരുവ് വിളക്ക് പോലും ഇല്ലാത്തതും ദീർഘദൂര വാഹനങ്ങൾക്ക് ദിശ അറിയാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ചിയ്യാനൂർ പാടത്ത് സുരക്ഷക്കായി സ്ഥാപിച്ച സിസി ക്യാമറ വാഹനമിടിച്ച് തകർന്നിട്ട് വർഷങ്ങളായെങ്കിലും ഇത് വരെയും ക്യാമറ സംവിധാനംപുനസ്ഥാപിച്ചിട്ടില്ല.ലക്ഷങ്ങൾ ചിലവിട്ട് താടിപടിയിൽ റോഡിന്റെ ഇരുവശങ്ങളിലായി സ്ഥാപിച്ച പോലീസ് പഞ്ചിങ് സ്റ്റേഷനാവട്ടെ പോലീസിന്റെ കുറവ് മൂലംവർഷങ്ങളായി അടഞ്ഞ് കിടക്കുന്നു.വിവിധ പദ്ധതികൾക്കായി കോടികൾ മുടക്കുന്ന സംസ്ഥാന പാത അതോറിറ്റി ജനങ്ങളുടെ സുരക്ഷാ പ്രശ്നങ്ങളിൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കാത്തതിൽ പ്രദേശവാസികൾ കടുത്ത അതൃപ്തിയിലാണ്