KERALA

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സി.ജെ യേശുദാസന്‍ അന്തരിച്ചു.

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സി.ജെ യേശുദാസന്‍ അന്തരിച്ചു 83 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. ആലപ്പുഴ മാവേലിക്കര ഭരണിക്കാവ് സ്വദേശിയായ യേശുദാസന്‍ കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപക അധ്യക്ഷനാണ്. ലളിതകലാ അക്കാദമി ഉപാധ്യക്ഷനായിരുന്നു.
വിവിധ മുഖ്യധാരാ മാധ്യമങ്ങളില്‍ കാര്‍ട്ടൂണിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശങ്കേഴ്സ് വീക്കിലി, ജനയുഗം, പൗരധ്വനി, അസാധു എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. മലയാള പത്രത്തിലെ ആദ്യ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റാണ് യേശുദാസ്. കേരളത്തിലെ ആദ്യ പോക്കറ്റ് കാര്‍ട്ടൂണിന്റെ രചയിതാവാണ്. മലയാള മനോരമയില്‍ 23 വര്‍ഷം സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജനയുഗം ആഴ്ചപതിപ്പിലെ ‘ചന്തു’ എന്ന കാര്‍ട്ടൂണ്‍ പരമ്പരയാണ് ആദ്യ കാര്‍ട്ടൂണ്‍ പംക്തി. മെട്രോ വാര്‍ത്ത, ദേശാഭിമാനി എന്നീ പത്രങ്ങളിലും കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കിട്ടുമ്മാവന്‍, മിസിസ് നായര്‍, പൊന്നമ്മ സൂപ്രണ്ട് തുടങ്ങിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സൃഷ്ടാവാണ്. അടിയന്തരാവസ്ഥക്കാലത്ത് ‘അസാധു’ എന്ന പേരില്‍ സ്വന്തമായി പ്രസിദ്ധീകരണം ആരംഭിച്ചു.

അരനൂറ്റാണ്ടിലേറെയായി മാധ്യമരംഗത്ത് സജീവമായി നിന്ന യേശുദാസന്‍ പഞ്ചവടിപ്പാലം സിനിമയുടെ സംഭാഷണവും രചിച്ചിട്ടുണ്ട്. 1992ല്‍ എ.ടി അബു സംവിധാനം ചെയ്ത ‘എന്റെ പൊന്നുതമ്പുരാന്‍’ ചിത്രത്തിന് തിരക്കഥ രചിച്ചിട്ടുണ്ട്. വരയിലെ നായനാര്‍, വരയിലെ ലീഡര്‍, അണിയറ, പ്രഥമദൃഷ്ടി തുടങ്ങിയ കൃതികളുടെ രചയിതാവാണ് സി.ജെ യേശുദാസന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button