പ്രത്യാശയുടെയും സ്നേഹത്തിന്റെയും പുലരി; ഈസ്റ്ററിനെ വരവേറ്റ് വിശ്വാസികള്‍, ദേവാലയങ്ങളില്‍ ഉയിര്‍പ്പ് ശുശ്രൂഷകള്‍
തിരുവനന്തപുരം: ലോകമെമ്ബാടുമുളള ക്രൈസ്തവർ യേശു ക്രിസ്തു ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ പുതുക്കി ദേവാലയങ്ങളില്‍ ഈസ്റ്റർ ആഘോഷിക്കുകയാണ്.ദേവാലയങ്ങളില്‍ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും നടക്കുകയാണ്. അമ്ബത് നോമ്ബ് പൂർത്തിയാക്കിയ വിശ്വാസികള്‍ക്ക് ഇന്ന് ആഘോഷദിവസമാണ്. ഇന്നലെ വൈകുന്നേരം ആരംഭിച്ച പ്രാർത്ഥനകളും ശുശ്രൂഷകളും ഇപ്പോഴും തുടരുകയാണ്.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് പള്ളിയില്‍ നടന്ന ചടങ്ങുകള്‍ക്ക് മലങ്കര കത്തോലിക്കാ സഭ അദ്ധ്യക്ഷൻ കർദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു. പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ലത്തീൻ അതിരൂപത അർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ നേതൃത്വം നല്‍കി. എറണാകുളം തിരുവാങ്കുളം സെന്റ് ജോർജ് ദേവാലയത്തിലെ തിരുക്കർമങ്ങളില്‍ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേല്‍ തട്ടില്‍ മുഖ്യകാർമികനായി. കോട്ടയം വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ ഓർത്തഡോക്സ് സഭ അദ്ധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകള്‍. മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മാർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു.
ഈസ്റ്റർ നല്‍കുന്നത് പ്രത്യാശയുടെ സന്ദേശമെന്നും ലോകത്തിന് ഇപ്പോള്‍ ഏറ്റവും ആവശ്യം പ്രത്യാശയാണെന്നും ആർച്ച് ബിഷപ്പ് ഡോ തോമസ് ജെ നെറ്റോ വിശ്വാസികളോട് പറഞ്ഞു. കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ നടന്ന ശുശ്രൂഷ ചടങ്ങുകളില്‍ ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കല്‍ മുഖ്യകാർമ്മികത്വം വഹിച്ചു. പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന പ്രത്യാശ വേണമെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.