മതസൗഹാർദ്ധത്തിന് ഉദാഹരണമായി ചാലിശ്ശേരി ആലിക്കരയിലെ നബി ദിനാഘോഷം
ചാലിശ്ശേരി: ചാലിശ്ശേരി ആലിക്കരയിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക സ്നേഹ സംഗമവും കുട്ടികളുടെയും ഒ എസ് എഫ് വിദ്യാർത്ഥികളുടെയും കലാപരിപാടികളും നടന്നു. ഒക്ടോബർ 14,15 തീയതികളിൽ നടന്ന പരിപാടികൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ആലിക്കര മഹല്ല് പ്രസിഡന്റ് വി.എ മുഹമ്മദിന്റെ അധ്യക്ഷതയിൽ തുടങ്ങിയ സാംസ്കാരിക സ്നേഹസംഗമത്തിന്റെ ഉദ്ഘാടനം ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റ് പി വി ഉമ്മർ മൗലവി നിർവഹിച്ചു. കെ.ജെ പ്രവീൺ (സബ് ഇൻസ്പെക്ടർ, ചാലിശ്ശേരി ) മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ നബി തിരുമേനിയുടെ കാലത്തെ ചരിത്രങ്ങളും സവിശേഷതകളും ആധുനിക സമൂഹത്തിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും സ്വാമി ജ്ഞാനതീർത്ഥയും (ശിവഗിരിമഠം, വർക്കല), ഫാദർ പത്രോസ് (പ്രിൻസിപ്പൽ, ബഥനി സെന്റ് ജോൺസ് ഹയർ സെക്കഡറി സ്കൂൾ, കുന്നംകുളം) എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.
രണ്ടാം ദിവസം മദ്രസ്സാ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഒ എസ് എഫ് വിദ്യാർത്ഥികളുടെ ദഫ് മുട്ടും അരങ്ങേറി. പൊതുപരീക്ഷയിലെ മികച്ച പ്രകടനമുൾപ്പെടെ നിരവധി വിദ്യാർഥികൾക്ക് സമ്മാനദാനവും നടത്തി.