നടന്‍ സന്തോഷ് നായര്‍ വാഹനാപകടത്തില്‍ മരിച്ചു
പത്തനംതിട്ട: സിനിമ, സീരിയല്‍ താരം സന്തോഷ് നായര്‍ അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു. പത്തനംതിട്ട ഏനാത്തു വച്ചായിരുന്നു അപകടം. സന്തോഷ് നായര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരുക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. നിരവധി സനിമകളില്‍ വില്ലനായി വേഷമിട്ടിട്ടുള്ള സന്തോഷ് മോഹിനിയാട്ടം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. നൂറിലധികം സിനിമകളിലും ചില ടെലിവിഷന്‍ പരമ്പരകളിലും സന്തോഷ് അഭിനയിച്ചിട്ടുണ്ട്.
1960 നവംബര്‍ 12 ന് സി എന്‍ കേശവന്‍ നായരുടെയും, പി രാജലക്ഷ്മി അമ്മയുടെയും മകനായി തിരുവനന്തപുരത്താണ് സന്തോഷിന്റ ജനനം. തിരുവനന്തപുരം ഹോളി എയ്ഞ്ചല്‍സ് കോണ്‍വെന്റ്, സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സന്തോഷിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം മഹാത്മാ ഗാന്ധി കോളേജില്‍ നിന്നും പ്രീഡിഗ്രിയും ഡിഗ്രിയും പൂര്‍ത്തിയാക്കി. വിദ്യാഭ്യാസ കാലത്ത് സന്തോഷിന് രാഷ്ട്രീയ പ്രവര്‍ത്തനവുമുണ്ടായിരുന്നു. 1982 ല്‍ പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ‘ഇതു ഞങ്ങളുടെ കഥ’ എന്ന സിനിമയിലൂടെയാണ് സന്തോഷ് അഭിനയരംഗത്തേക്കെത്തുന്നത്. ‘ഏപ്രില്‍ 18’, ‘ഇവിടെ തുടങ്ങുന്നു’ എന്നീ സിനിമകളിലെ വില്ലന്‍ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതൊടെ തിരക്കുള്ള നടനായിമാറി. 1985 ല്‍ പതിനെട്ടോളം സിനിമകളില്‍ സന്തോഷ് അഭിനയിച്ചു. മിക്കതും വില്ലന്‍ വേഷങ്ങളായിരുന്നു. കൊതി തീരും വരെ, ഇത് നല്ല തമാശ എന്ന സിനിമകളിലെ നായകവേഷങ്ങളും ഇതിനിടയില്‍ ചെയ്തു.1986 ല്‍ ഇറങ്ങിയ യുവജനോത്സവം എന്ന സിനിമയിലെ നിസ്സാര്‍ എന്ന പോസിറ്റീവ് റോള്‍, ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ജാക്കിയുടെ വലംകയ്യായ ലോറന്‍സ് തുടങ്ങിയ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. മുളമൂട്ടില്‍ അടിമ, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, കടത്തനാടന്‍ അമ്പാടി, വിഷ്ണുലോകം,ഒരു അഭിഭാഷകന്റെ കേസ് ഡയറി തുടങ്ങിയ സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നഗരങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം പ്രൊപ്രൈറ്റര്‍സ് : കമ്മത്ത് & കമ്മത്ത്, എന്നീ സിനിമകളില്‍ കോമഡി ഫ്‌ലേവറുള്ള വേഷങ്ങളും ചെയ്തിട്ടുണ്ട്. അധ്യാപികയായ ശുഭശ്രീയാണ് ഭാര്യ.