തെരുവുനായകളെ നിയന്ത്രിക്കാൻ നഗരസഭ നടപടി തുടങ്ങി
പൊന്നാനി : നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്കൾ അലയുന്ന സാഹചര്യത്തിൽ പേ വിഷബാധയെ ചെറുക്കുന്നതിനായി ഓപ്പറേഷൻ സീറോ റാബിസ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ തുടങ്ങി.പൊന്നാനി നഗരസഭയുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിലാണ് തെരുവുനായ്ക്കളിൽ പേവിഷബാധയില്ലെന്ന് ഉറപ്പു വരുത്തുന്നതിനുള്ള സമഗ്ര ആൻറി റാബിസ് വാക്സിനേഷൻ പ്രോഗ്രാം നടപ്പാക്കുന്നത്.
പദ്ധതിപ്രകാരം നഗരസഭാ പരിധിയിലുള്ള മുഴുവൻ തെരുവുനായ്ക്കളെയും പേവിഷ വിമുക്തമാക്കുന്നതിനുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തും. 2022-23 കാലയളവിൽ 270 തെരുവു നായ്ക്കളെ വന്ധ്യംകരണം ചെയ്തിരുന്നു. തെരുവു നായ്ക്കളുടെ ആക്രമം വർധിക്കുമ്പോൾ ജനം ഭയപ്പെട്ടാണ് യാത്ര ചെയ്യുന്നത്. തിങ്കളാഴ്ച നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ രജീഷ് ഊപ്പാല എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയത്.