NATIONAL

മൂന്ന് മാസം പ്രായമായ കുഞ്ഞിനും എച്ച്എംപിവി; രാജ്യത്ത് സ്ഥിരീകരിച്ചത് രണ്ട് കേസുകൾ

ബംഗളൂരു: രാജ്യത്തെ രണ്ടാമത്തെ എച്ച് എം പി വി (ഹ്യൂമൻ മെറ്റാന്യുമോവൈറസ്) കേസും ബംഗളൂരുവിൽ. മൂന്ന് മാസം പ്രായമായ കുഞ്ഞിലാണ് രോഗബാധ കണ്ടെത്തിയത്. നേരത്തെ എട്ട് മാസം പ്രായമായ കുഞ്ഞിലും എച്ച് എം പി വി വൈറസ് കണ്ടെത്തിയിരുന്നു. ഈ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ഡിസ്‌ചാർജ് ചെയ്തിട്ടുണ്ട്. രണ്ട് കുട്ടികൾക്കും വിദേശ യാത്ര പശ്ചാത്തലമില്ല. എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് പരിശോധിച്ചുവരികയാണെന്ന് ഡേക്‌ടർമാർ അറിയിച്ചു. ചൈനീസ് വേരിയന്റ് തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

കുഞ്ഞുങ്ങളുടെ സാമ്പിൾ ശേഖരിച്ച് പരിശോധന തുടരുമെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.അടുത്തിടെ എച്ച് എം പി വി, കൊവിഡ് 19, ഇൻഫ്ലുവൻസ എ, മൈകോപ്ലാസ്മ ന്യുമോണിയ തുടങ്ങിയ ശ്വാസകോശ രോഗങ്ങൾ ചൈനയിൽ അതിവേഗം പടരുന്നെന്നും ആശുപത്രികൾ രോഗികളാൽ നിറയുന്നെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

രോഗവ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചൈന അറിയിച്ചിട്ടുണ്ട്. എല്ലാ വർഷവും ശൈത്യകാലത്തുള്ള സാധാരണ പ്രശ്‌നം മാത്രമാണിതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button