തിരൂർ

തുടര്‍ഭരണം കിട്ടിയില്ല, പന്തയത്തിൽ തോറ്റു; പശുവിനെ നേടി മുസ്തഫ; വാക്ക് പാലിച്ച് സി.പി.ഐ.എം പ്രവർത്തകൻ മഹേഷ്

തിരൂർ: തിരഞ്ഞെടുപ്പ് ഫലം വന്നതോടെ കേരളം കണ്ട കൗതുകകരമായ രാഷ്ട്രീയ പന്തയങ്ങളിൽ ഒന്നിന് തിരൂരിൽ ശുഭസമാപ്തി. ഭരണമാറ്റത്തെ ചൊല്ലി നടന്ന പന്തയത്തിൽ പരാജയപ്പെട്ട സി.പി.ഐ.എം പ്രവർത്തകൻ തന്റെ തൊഴുത്തിലെ ലക്ഷണമൊത്ത കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവർത്തകന് കൈമാറി.

തിരൂർ വെട്ടം പഞ്ചായത്തിലെ കാനൂർ സ്വദേശി കുന്നത്ത് മുസ്തഫയും നിറമരുതൂർ പത്തമ്പാട് സ്വദേശിയായ സി.പി.ഐ.എം ബ്രാഞ്ച് മെമ്പർ മഹേഷും തമ്മിലായിരുന്നു ഈ അപൂർവ്വ പന്തയം. ക്ഷീരകർഷകരും ഉറ്റ സുഹൃത്തുക്കളുമായ ഇരുവരും വോട്ടെടുപ്പിന് 15 ദിവസം മുമ്പാണ് പന്തയം വെച്ചത്.

ഇടതുമുന്നണിക്ക് തുടർഭരണം കിട്ടുമെന്ന് മഹേഷ് വാദിച്ചപ്പോൾ, യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് മുസ്തഫയും ഉറപ്പിച്ചു. തുടർഭരണം ഉണ്ടായില്ലെങ്കിൽ തന്റെ തൊഴുത്തിലെ ആറ് കറവപ്പശുക്കളിൽ ഇഷ്ടമുള്ള ഒന്നിനെ മുസ്തഫയ്ക്ക് നൽകാമെന്നായിരുന്നു മഹേഷിന്റെ വാഗ്ദാനം. തിരിച്ചാണെങ്കിൽ മുസ്തഫ തന്റെ പശുവിനെ മഹേഷിനും നൽകാമെന്ന് ഏറ്റു.

ഫലം പുറത്തുവന്നതോടെ മഹേഷ് വാക്കുപാലിച്ചു. തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ഉടൻ തന്നെ മഹേഷ് മുസ്തഫയെ ഫോണിൽ വിളിക്കുകയും പശുവിനെ കൊണ്ടുപോകാമെന്ന് അറിയിക്കുകയും ചെയ്തു.

മഹേഷിന്റെ വീട്ടിലെത്തിയ മുസ്തഫയോട് ഇഷ്ടമുള്ള പശുവിനെ തിരഞ്ഞെടുക്കാൻ മഹേഷ് ആവശ്യപ്പെട്ടു. 70,000 രൂപയോളം വിലവരുന്ന, ദിവസം 16 ലിറ്റർ പാൽ ലഭിക്കുന്ന നാലുവയസ്സുള്ള കറവപ്പശുവിനെയാണ് മുസ്തഫ തിരഞ്ഞെടുത്തത്.

രാഷ്ട്രീയ വൈരം മാറ്റിവെച്ച് പറഞ്ഞ വാക്ക് പാലിച്ച മഹേഷിന്റെ നടപടി സോഷ്യൽ മീഡിയയിലും വൈറലായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button