Thiruvananthapuram
തിരുവനന്തപുരം പോത്തൻകോട് തെരുവു നായയുടെ ആക്രമണം; ഇരുപതോളം പേര്‍ക്ക് കടിയേറ്റു
തിരുവനന്തപുരം പോത്തൻകോട് തെരുവു നായയുടെ ആക്രമണത്തില്‍ നിരവധി പേർക്ക് പരുക്ക്. ഇരുപതോളം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്.ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ പോത്തൻകോട് ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ ആക്രമണം ഒന്നര കിലോമീറ്റർ അകലെ പൂലന്തറ വരെ തുടർന്നു. ആക്രമണത്തിന് ശേഷം നായയെ കണ്ടെത്താനായില്ല. മൂന്നു സ്ത്രീകളും ഒൻപതു ഇതര സംസ്ഥാന തൊഴിലാളികളും ഉള്‍പെടെയുള്ളവർക്ക് കടിയേറ്റിട്ടുണ്ട്.പോത്തൻകോട് ബസ്സ് സ്റ്റാന്‍റിലും മേലേമുക്കിലും തുടർന്ന് പൂലന്തറ ഭാഗത്തേക്കുമാണ് നായ ഓടിയത്. പോയ വഴിക്ക് കണ്ണില്‍ കണ്ടവരെയൊക്കെ കടിക്കുകയായിരുന്നു. എല്ലാവർക്കും കാലിലാണ് കടിയേറ്റത്. കടിയേറ്റവർ തിരുവനന്തപുരം മെഡി.കോളേജില്‍ ചികിത്സയിലാണ്. നായയെ കണ്ടെത്താനുള്ള ശ്രമം ഇന്ന് രാവിലെ തന്നെ ആരംഭിക്കും.