THAVANUR

തവനൂരിന് മാറ്റത്തിന്റെ ജോയ്!​ കെ.ടി. ജലീലിന് നാണംകെട്ട തോൽവി

തവനൂർ: ബലാബല പോരാട്ടത്തിനൊടുവിൽ തവനൂർ വിധിയെഴുതിയിരിക്കുന്നു. കെ.ടി. ജലീലെന്ന അതികായനെ മലർത്തിയടിച്ച് വി.എസ്. ജോയ് പുതിയ വിജയചരിത്രമെഴുതി. മലപ്പുറത്തെ 16 മണ്ഡലങ്ങളിൽ ഏറ്റവും വീറും വാശിയും കണ്ട തെരഞ്ഞെടുപ്പായിരുന്നു തവനൂരിലേത്. ഒടുവിൽ, മലപ്പുറ​ത്തിന്റെ മതേതര പാരമ്പര്യത്തിലേക്ക് മറ്റൊരു ഏടുകൂടി കൂട്ടിച്ചേർക്കുന്നതായി ജോയിയുടെ വിജയം. ഒരു ശതമാനം മാത്രം ക്രിസ്ത്യൻ വോട്ടുള്ള മണ്ഡലത്തിൽനിന്നാണ് യു.ഡി.എഫ് സ്ഥാനാർഥിയായി ജോയ് ജയിച്ചുകയറുന്നത്.

മണ്ഡലത്തിൽ വ്യക്തിപരമായി ആഴത്തിൽ ബന്ധമുള്ള കെ.ടി. ജലീലിന്റെ അവകാശവാദങ്ങളുടെ അടിവേരറുത്താണ് ഇക്കുറി മാറ്റത്തിന്റെ കാറ്റ്. ആകെയുള്ള 17 റൗണ്ടിൽ 16ഉം എണ്ണിയ​പ്പോൾ വി.എസ്. ജോയ് 79380 വോട്ട് നേടി. ജലീലിന് 64804 വോട്ടു​കൊണ്ട് തൃപ്തിയടയേണ്ടി വന്നു. 14576 വോട്ടാണ് ജോയിയുടെ ഭൂരിപക്ഷം. 77.8 ശതമാനമായിരുന്നു തവനൂർ മണ്ഡലത്തിലെ പോളിങ്. മണ്ഡലം രൂപീകൃതമായ ശേഷം ആദ്യമായാണ് മണ്ഡലത്തിൽ ഇത്രയും വലിയ പോളിങ് രേഖപ്പെടുത്തുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 74.40% ശതമാനമായിരുന്നു ഇവിടത്തെ പോളിങ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ വെറും 2,564 വോട്ടുകൾക്കാണ് കഴിഞ്ഞ തവണ കെ.ടി. ജലീലിന് മണ്ഡലം പിടിച്ചുനിർത്താനായത്.

ഇത്തവണയും മണ്ഡലം കൈവിടില്ലെന്ന ശുഭ പ്രതീക്ഷയിലായിരുന്നു അവസാന ഘട്ടം വരെയും എൽ.ഡി.എഫ്. ഇടതുസർക്കാറിന്റെ വികസനവും ക്ഷേമവും കരുതലും ജനങ്ങളെ നന്നായി സ്വാധീനിച്ചിട്ടുണ്ടെന്നായിരുന്നു അവരുടെ അവകാശവാദം. തവനൂരിൽ വിജയം ഉറപ്പാണെന്നും പതിനായിരത്തിൽ കുറയാത്ത ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കെ.ടി. ജലീൽ ആവർത്തിച്ചുകൊണ്ടിരുന്നു. പോളിങ് ശതമാനം നൽകുന്ന സൂചനകൾവെച്ച് തവനൂരിലെ തിരിച്ചടി എൽ.ഡി.എഫ് തിരിച്ചറിഞ്ഞിരുന്നു. തവനൂരിൽ ഭൂരിപക്ഷം കുറയുമെന്ന് വിലയിരുത്തിയ സി.പി.എം ജില്ല സെക്രട്ടേറിയറ്റ്, മണ്ഡലം നഷ്ടപ്പെടാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിരുന്നില്ല. സി.പി.എമ്മിന് വിജയം ഉറപ്പുള്ള സംസ്ഥാനത്തെ 50 മണ്ഡലങ്ങളുടെ പട്ടികയിൽ തവനൂർ ഉണ്ടായിരുന്നില്ല. കാന്തപുരം വിഭാഗത്തിന്റെയും സമസ്തയിലെ ലീഗ് വിരുദ്ധരുടെയും വോട്ടുകൾ അനുകൂലമാവുമെന്നും വിജയം ഉറപ്പാണെന്നുമുള്ള കണക്കുകൂട്ടലുകൾ പച്ചതൊട്ടില്ല.

തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും ഭരണം ലഭിച്ചതിന്റെ ആത്മവിശ്വാസവുമായാണ് യു.ഡി.എഫ് കളത്തിലിറങ്ങിയത്. മലപ്പുറത്തെ ചാരി, ഇടതുഭരണകേന്ദ്രങ്ങളിൽനിന്നടക്കം ഉയർന്ന വിവാദ പ്രസ്‍താവനകളെ ന്യായീകരിക്കുന്ന രീതിയിലുള്ള ജലീലിന്റെ നിലപാടിൽ നീരസമുള്ളവർ ഏറെയുണ്ടായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായി പ്രാദേശികമായി ലീഗിന്റെ സഹകരണം കോൺഗ്രസ് സ്ഥാനാർഥിക്ക് നന്നായി ലഭിച്ചു. ജലീലിനെ കടപുഴക്കുകയെന്ന അജണ്ട മുൻനിർത്തി യു.ഡി.എഫ് ഒറ്റക്കെട്ടായി അണിനിരന്നു. ഒപ്പം, എൽ.ഡി.എഫ് സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരവും മണ്ഡലത്തിൽ കെ.ടി. ജലീലിന് എതിരായ ഘടകങ്ങളും വി.എസ്. ജോയിക്ക് അനുകൂലമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button