ചീനലും തുരുമ്പും പൊളിച്ചുനീക്കും;ഫലം കണ്ടത് വെളിയങ്കോട് പഞ്ചായത്തിന്റെ ഇടപെടൽ
പൊന്നാനി: നരണിപ്പുഴയിലും നുറടിത്തോട്ടിലും സ്ഥാപിച്ച ചീനൽ, തുരുമ്പ് എന്നിവ പഞ്ചായത്തുകളുടെയും പുഴ സംരക്ഷണ പ്രവർത്തകരുടെയും സഹകരണത്തോടെ അടുത്ത ദിവസം പൊളിച്ചു നീക്കുമെന്ന് ഫിഷറീസ് വകുപ്പ്. പൊന്നാനി കോളിലെ കൃഷിക്കും കരപ്രദേശങ്ങളിലെ ശുദ്ധജലത്തിനും ജലം സംഭരിച്ചുവയ്ക്കുന്ന നരണിപ്പുഴയിലും നുറടിത്തോട്ടിലും തുരുമ്പിട്ടും ചീനൽ കെട്ടിയും അശാസ്ത്രീയമായ രീതിയിൽ വ്യാപകമായി മത്സ്യം പിടിക്കുന്ന സാഹചര്യത്തിലാണ് ഫിഷറീസ് വകുപ്പിന്റെ നടപടി. വെളിയങ്കോട് പഞ്ചായത്ത് ഭരണസമിതി, നരണിപ്പുഴ സംരക്ഷണ സമിതി, വെറ്റ് ലാൻഡ് നാച്വറൽ ക്ലബ് എരമംഗലം, കോൾ സംരക്ഷണ സമിതി എന്നിവയുടെ പരാതിയെ തുടർന്നാണ് പൊന്നാനിയിൽനിന്നുള്ള ഫിഷറീസ് ഉദ്യോഗസ്ഥർ പുഴയിലെത്തി പരിശോധന നടത്തിയത്.
മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതും ഒഴുക്ക് തടസ്സപ്പെടുത്തുന്നതുമായ മത്സ്യബന്ധനമാണ് പുഴയിലും കൂടുതലും. നരണിപ്പുഴ പാലത്തിന് സമീപത്തും പെരുമ്പടപ്പ് കുഴപ്പുള്ളി താഴത്തും സംഘം പരിശോധന നടത്തി. വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തും പുഴസംരക്ഷണ സമിതിയും ചേർന്ന് മത്സ്യങ്ങളുടെ പ്രജനനം നടക്കുന്ന മഴക്കാലത്തിന് മുൻപ് ചീനലും തുരുമ്പും നശിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. ഇത്തരത്തിൽ മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ 10,000 രൂപ വരെ പിഴ ഈടാക്കുമെന്നു ഫിഷറീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ കെ.ശ്രീജേഷ്, അജയ് സൂര്യ, കെ.ബാബുരാജ്, എം.ബി.അശ്വനി, ദിനേശ് മങ്കട എന്നിവരുടെ നേതൃത്വത്തിലാണ് പുഴയിൽ പരിശോധന നടത്തിയത്.
ഫലം കണ്ടത് വെളിയങ്കോട് പഞ്ചായത്തിന്റെ ഇടപെടൽ
എരമംഗലം ∙ വെളിയങ്കോട് പഞ്ചായത്തിന്റെ ഇടപെടൽ ഫിഷറീസ് വകുപ്പ് ഉദ്യോസ്‍ഥർ തുരുമ്പും ചീനലും കെട്ടിയ നരണിപ്പുഴയിൽ എത്താൻ കാരണമായി. പുഴയിലെ അശാസ്ത്രീയമായ രീതിയിലുള്ള മത്സ്യബന്ധനത്തിനെതിരെ പഞ്ചായത്ത് ഭരണസമിതി യോഗം ചേരുകയും 2 ആഴ്ച മുൻപ് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. ദിവസങ്ങൾ പിന്നിട്ടിട്ടും പുഴ സന്ദർശിക്കുകയോ പഞ്ചായത്തിന് മറുപടി നൽകാനോ ഫിഷറീസ് വകുപ്പ് തയാറാകാത്തതിനാൽ പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടയിൽ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ എം.ചിത്രയുമായി ചർച്ച നടത്തുകയായിരുന്നു. ചർച്ചയെ തുടർന്ന് ഉച്ചയ്ക്ക് ശേഷം ഫിഷറീസ് ഉദ്യോഗസ്ഥർ പഞ്ചായത്ത് ഓഫിസിൽ എത്തുകയും പുഴയിലെ ചീനലും തുരുമ്പും സ്ഥാപിച്ച് സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു.