PONNANI

ഇന്ത്യയിലെ ഏറ്റവും ഭാരമേറിയ ഖുർആൻ കയ്യെഴുത്തു പ്രതിയുമായി പൊന്നാനി സ്വദേശി മുബാറക്

പൊന്നാനി: കോവിഡുകാലത്താരംഭിച്ച എഴുത്ത് പൂർത്തിയായപ്പോൾ ലഭിച്ചത് 50 കിലോയുള്ള ഖുർആൻ കൈയെഴുത്തുപ്രതി. പൊന്നാനി സ്വദേശിയായ മദ്രസാധ്യാപകൻ മുബാറക് മുസ്‌ലിയാരാണ് ഭാരമേറിയ ഖുർആൻ കൈയെഴുത്തുപ്രതിയുടെ ശിൽപ്പി. 604 പേജിലാണ് 114 അധ്യായങ്ങൾ എഴുത്തിത്തീർത്തത്. രണ്ടടി നീളവും ഒന്നരയടി വീതിയുമാണുള്ളത്. ഒരു വർഷത്തെ പ്രയത്‌നത്തിനൊടുവിലാണ് പൊന്നാനി സ്വദേശിയായ മുബാറക് മുസ്‌ലിയാർ ഏറ്റവും ഭാരമേറിയ ഖുർആൻ പകർത്തിയെഴുതിയത്.

കോവിഡുകാലത്ത് വെറുതെയിരിക്കുമ്പോഴാണ് ഖുർആൻ പകർത്തിയെഴുതാൻ തീരുമാനിച്ചത്. മാർക്കറുപയോഗിച്ചാണ് എഴുതിപൂർത്തിയാക്കിയത്. ആദ്യം ഒരുദിവസം നാലുപേജുവരെയാണ് എഴുതിയിരുന്നതെങ്കിൽ പിന്നീടത് ഏഴുപേജ് വരെയായി. ലോക്ഡൗണിനുശേഷം എഴുതിത്തീർക്കുന്ന പേജുകളുടെ എണ്ണം കുറഞ്ഞു. 2021 ജൂലായിൽ ആരംഭിച്ച ഖുർആൻ രചന ഈവർഷം ജൂൺ 15-നാണ് പൂർത്തീകരിച്ചത്.

എടപ്പാൾ ദാറുൽഹിദായ അറബിക് കോളേജിൽനിന്ന് പഠനം പൂർത്തിയാക്കിയ മുബാറക് മുസ്‌ലിയാർ മാറഞ്ചേരി താമലശ്ശേരി മദ്രസ അധ്യാപകനും എസ്.വൈ.എസ്. കറുകത്തിരുത്തി പ്രസിഡന്റും എസ്.വൈ.എസ്. പൊന്നാനി സർക്കിൾ വൈസ് പ്രസിഡന്റുമാണ്. ഖുർആൻ കൈയെഴുത്തുപ്രതി പൊന്നാനി വലിയ ജുമാഅത്ത് പള്ളിയിൽ വെച്ച് സയ്യിദ് തുറാബ് സഖാഫി തങ്ങൾക്ക് നൽകി പ്രകാശനംചെയ്തു. പൊന്നാനി മഖ്ദൂം എം.പി. മുത്തുക്കോയ അബൂബക്കർ ഉസ്താദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button