ചാലിശ്ശേരിയിൽ ഇനി ആഘോഷത്തിന്റെ 10 നാളുകൾ
ചാലിശ്ശേരി: സരസ് മേളയ്ക്ക് തിരിതെളിഞ്ഞു
മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിതെളിയിച്ചതോടെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ചാലിശ്ശേരിയില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയ്ക്ക് പ്രൗഡോജ്ജ്വല തുടക്കം. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെയും ഗ്രാമീണ സംരംഭകരുടെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും രുചിവൈവിധ്യങ്ങളും ലഭ്യമാക്കുന്ന പ്രദര്‍ശന വിപണന മേളയും കലാ സാംസ്‌ക്കാരിക പരിപാടികളുമെല്ലാമായി ജനുവരി 11 വരെ നീളുന്നതാണ് ഈ ദേശീയ സരസ് ആഘോഷം. കൂടാതെ അമ്യൂസ്‌മെന്റ് പാര്‍ക്കും പുഷ്പമേളയും ഹാപ്പിനസ് കോര്‍ണറും പെറ്റ് ഷോയും മേളയ്‌ക്കൊപ്പമുണ്ട്. കേരളത്തില്‍ സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക ശാക്തീകരണത്തില്‍ കുടുംബശ്രീ മുഖ്യ പങ്കു വഹിച്ചെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച ബീന ആര്‍.ചന്ദ്രന്‍, അജയന്‍ ചാലിശ്ശേരി, ഡോ. വി സേതുമാധവന്‍, പെരിങ്ങോട് ചന്ദ്രന്‍ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. മെഗാ ഫുഡ് കോര്‍ട്ടിലെ വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യ ഉത്പന്നങ്ങളടങ്ങിയ ഉപഹാരം മന്ത്രി എം.ബി. രാജേഷ് മുഖ്യമന്ത്രിക്ക് നല്‍കി.
തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായ ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വിശിഷ്ടാതിഥിയായി. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയായി.
അബ്ദുള്‍ സമദ് സമദാനി എം.പി, എം.എല്‍.എമാരായ പി മമ്മിക്കുട്ടി, പി.പി സുമോദ്, മുഹമ്മദ് മുഹ്‌സിന്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി. രാമദാസ്, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാന്‍ കുട്ടി, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ പി.കെ സൈനബ, കെ.കെ. ലതിക, മരുതി മുരുകന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി അനുപമ ഐ.എ.എസ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് സ്വാഗതവും കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. ഉണ്ണിക്കൃഷ്ണന്‍ നന്ദിയും പറഞ്ഞു.