EDAPPAL

എടപ്പാൾ ടൗണിൽ പ്രശ്നങ്ങൾ രൂക്ഷം അധികൃതരും പൊലീസും ഇടപെടുന്നില്ല

എടപ്പാൾ: മേൽപാലം നിർമാണം പൂർത്തിയായതോടെ അധികൃതരും പൊലീസും ടൗണിലെ പ്രശ്നങ്ങളിൽ ശ്രദ്ധ ചെലുത്തുന്നില്ല എന്ന് വ്യാപക പരാതി. പാലത്തിന് അടിയിൽ തോന്നിയ പോലെ വാഹനങ്ങൾ നിർത്തിയിടുന്നതും പാലം അവസാനിക്കുന്ന ഭാഗങ്ങളിൽ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ളവ നിർത്തിയിടുന്നതും മൂലം ഗതാഗതം തടസ്സപ്പെടുന്നത് പതിവാണ്. ജംക്ഷനിൽ ട്രാഫിക് ഐലൻഡ് സ്ഥാപിക്കുമെന്ന് അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതിനാൽ നാലു ഭാഗത്തു നിന്നും ഒരേ സമയം വാഹനങ്ങൾ എത്തുന്നതോടെ കൂട്ടിയിടിക്കാനുള്ള സാധ്യത ഏറെയാണ്. ഐറിഷ് മോഡലിൽ കാനകൾ നവീകരിക്കും എന്ന പ്രഖ്യാപനവും പാഴ്വാക്ക് ആയി. മഴ പെയ്യുന്നതോടെ കടകളിലേക്ക് വരെ വെള്ളം ഒഴുകിയെത്തുന്ന അവസ്ഥയാണ്. പാലം അവസാനിക്കുന്ന ഭാഗങ്ങളിൽ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡുകൾ മറിഞ്ഞു വീഴുന്നതിനാൽ അപകടക്കെണിയായി മാറി. ശക്തമായ കാറ്റിലും മഴയിലും ഇവ റോഡിലേക്ക് വീഴുകയാണ്.

പലതിന്റെയും മുകളിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ അടർന്ന് സ്റ്റാൻഡ് മാത്രമായി. ഡിവൈഡർ സ്ഥാപിക്കണമെന്ന് പാലം ഉദ്ഘാടനം ചെയ്ത അന്നു മുതൽ ആവശ്യപ്പെട്ടിരുന്നതാണ്. ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ നിയോഗിക്കുമെന്ന് അറിയിച്ചെങ്കിലും പല ദിവസങ്ങളിലും ഒരു ഹോം ഗാർഡ് മാത്രമാണ് ഉള്ളത്. പാലത്തിന് താഴെ അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നത് പതിവായതോടെ കഴിഞ്ഞ ദിവസം ഏതാനും വാഹനങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന വാഹനങ്ങൾക്ക് പാലത്തിന് താഴെ പാർക്കിങ് സൗകര്യം ഒരുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഫലമില്ലാത്ത അവസ്ഥയാണ്. ട്രാഫിക് റഗുലേറ്ററി യോഗം ചേർന്ന് നടപടികൾ കർശനം ആക്കണമെന്നാണ് വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button