തലവരിപ്പണം വേണ്ട; അൺഎയ്ഡഡ് സ്കൂളുകൾക്ക് സർക്കാർ നിയന്ത്രണം.
അൺ എയ്ഡഡ് സ്കൂളുകളിലെ ഫീസ് നിയന്ത്രിക്കാൻ ഇടപെടലുമായി സംസ്ഥാന സർക്കാർ. ത്രിതല സംവിധാനമൊരുക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഫീസ് റെഗുലേറ്ററി കമ്മറ്റി രൂപീകരിക്കാൻ സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദേശങ്ങൾ കോടതി അംഗീകരിച്ചു.
അൺ എയ്ഡഡ് സ്കൂളുകളിലെ ഫീസ് നിശ്ചയിക്കാൻ റെഗുലേറ്ററി കമ്മിറ്റി രൂപീകരിക്കണമെന്ന് സംസ്ഥാന സർക്കാരിന് ഹൈക്കോടതി നേരത്തെ ഉത്തരവ് നൽകിയിരുന്നു. ഉത്തരവ് ചോദ്യം ചെയ്തു സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സമർപ്പിച്ച പുനപരിശോധന ഹർജിയിലാണ് ഫീസ് റെഗുലേറ്ററി കമ്മിറ്റി രൂപീകരിക്കാൻ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചത്. സ്കൂൾ,ജില്ല, സംസ്ഥാന തലത്തിലാണ് റഗുലേറ്ററി കമ്മറ്റികൾ രൂപീകരിക്കുക. പിടിഎ പ്രതിനിധികളെയടക്കം ഉൾപ്പെടുത്തിയാണ് സ്കൂൾതല കമ്മിറ്റി രൂപീകരിക്കേണ്ടത്. ഓരോ സ്കൂളിലും ഒരുക്കുന്ന സൗകര്യങ്ങൾക്കനുസരിച്ച് ഫീസ് നിശ്ചയിക്കാം. ജീവനക്കാരുടെ ശമ്പളമടക്കമുള്ള ചിലവുകൾ അടിസ്ഥാനമാക്കിയാവണം ഫീസ്. കമ്മറ്റി അംഗീകരിച്ച ഫീസിൽ കൂടുതൽ വാങ്ങരുത്. ക്യാപ്പിറ്റേഷൻ, റീ അഡ്മിഷൻ ഫീസുകളും പാടില്ല.
സ്കൂൾതല സമിതിക്ക് സമയബന്ധിതമായി ഫീസ് നിശ്ചയിക്കാൻ സാധിച്ചില്ലെങ്കിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ചെയർമാനായ ഏഴംഗ ജില്ലാതല സമിതിക്ക് നിശ്ചയിക്കാം. ജില്ലാതല സമിതികളുടെ ഉത്തരവുകൾ പാലിക്കുന്നതിൽ സ്കൂളുകൾ തുടർച്ചയായി വീഴ്ച വരുത്തിയാൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ അടക്കമുള്ള സംസ്ഥാനതല സമിതി അക്കാര്യം സർക്കാരിന് റിപ്പോർട്ട് ചെയ്യും. മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബഞ്ച് പുനപരിശോധന ഹർജി തള്ളി.