സ്വകാര്യ ബാങ്കിൽ മുക്കുപണ്ടം നല്‍കി 2.20 ലക്ഷം തട്ടാന്‍ ശ്രമം: യുവാവ് പിടിയില്‍
മലപ്പുറം: പുളിക്കല്‍ അങ്ങാടിയിലെ സ്വകാര്യ ബാങ്കിനെ പറ്റിച്ച് 2,20,000 രൂപ തട്ടിയ യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കാടാമ്പുഴ കുന്നത്ത്‌വീട്ടില്‍ ഫൈസലാ(30)ണ് അറസ്റ്റിലായത്. ഫൈസല്‍ പുളിക്കല്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് വിളിച്ച് കൊണ്ടോട്ടി സൗത്ത് ഇന്ത്യന്‍ ബേങ്കില്‍ പണയം വെച്ച സ്വര്‍ണമെടുത്ത് താങ്കളുടെ സ്ഥാപനത്തില്‍ പണയം വെക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞു. ഇതുപ്രകാരം അവിടെയുള്ള വനിതാ ജീവനക്കാരി കൊണ്ടോട്ടിയിലെത്തി.
ഫൈസല്‍ ഇവരെ പുറത്ത് നിര്‍ത്തി സൗത്ത് ഇന്ത്യന്‍ ബേങ്കിലേക്ക് കയറുകയും അല്‍പ്പം കഴിഞ്ഞ് പുറത്തുവരികയും ചെയ്തു. ഫൈസല്‍ തന്റെ കൈവശം വെച്ചിരുന്ന ആഭരണം ജീവനക്കാരിക്ക് ബാങ്കില്‍ നിന്നെടുത്തതാണെന്ന് പറഞ്ഞ് നല്‍കുകയും ചെയ്തു. ആഭരണവുമായി ജീവനക്കാരി ഫൈസലിനെയും കുട്ടി ജ്വല്ലറിയിലെത്തി അപ്രൈസറെ കാണിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. ഇതോടെ ഇയാള്‍ മുങ്ങാന്‍ ശ്രമിക്കുകയും കടക്കാരും നാട്ടുകാരും പിടിച്ചുവെച്ച് ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.