ഡെങ്കിപ്പനി അടുത്ത മാസം രൂക്ഷമായേക്കും: മുന്നറിയിപ്പ്
മലപ്പുറം ∙ ഡെങ്കിപ്പനി ഈ നില തുടർന്നാൽ ജില്ലയിൽ അടുത്ത മാസം രൂക്ഷമായേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. 2017ലേതിനു സമാനമായി പലയിടത്തും ഡെങ്കിപ്പനി പൊട്ടിപ്പുറപ്പെടുന്നതിന്റെ (ഔട്ട്ബ്രേക്) ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. അതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും ഡിഎംഒ ഡോ.ആർ.രേണുക അറിയിച്ചു.
2017ൽ ഡെങ്കിപ്പനി ബാധിച്ച് 62 പേർ മരിച്ചതായാണു കണക്ക്. 963 പേർക്കാണ് അന്നു സ്ഥിരീകരിച്ചത്.ഈ വർഷം ഇതിനോടകം 241 പേർക്കു സ്ഥിരീകരിച്ചു. 663 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുമുണ്ട്. ശ്രീലങ്കയിലുൾപ്പടെ വിവിധ രാജ്യങ്ങളിൽ ഇതിനോടകം ഡെങ്കിപ്പനി പൊട്ടിപ്പുറപ്പെടൽ സ്ഥിരീകരിച്ചിട്ടുണ്ട്.
സമാന സാഹചര്യം ഇവിടെയുമുണ്ടാകാതിരിക്കാൻ കടുത്ത ജാഗ്രത വേണം. മഴ ഇടവിട്ടു പെയ്യുന്നതു കാരണം കൊതുക് പെരുകാനുള്ള സാധ്യതയേറെയാണ്. അതിനാൽ കൊതുകു വളരുന്ന സാഹചര്യങ്ങൾ നശിപ്പിച്ചു ശുചീകരണം ശക്തമാക്കുകയാണു പരിഹാരം. ഇത് ഓരോരുത്തരുടെയും ചുമതലയാണെന്ന ബോധ്യത്തോടെ നടപ്പാക്കിയാലേ ഡെങ്കിപ്പനി തടയാനാകൂവെന്നും ആരോഗ്യ വകുപ്പ് അറിയിക്കുന്നു.