കാർ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് തിരിച്ചടി; മാരുതി കാറുകൾക്ക് വീണ്ടും വിലവർധന; 20,000 രൂപ വരെ ഉയരും
ന്യൂഡൽഹി: ഉത്സവ സീസണിൽ പുതിയ കാർ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് തിരിച്ചടിയായി മാരുതി സുസുക്കിയുടെ വിലവർധന. തെരഞ്ഞെടുത്ത വാഹന മോഡലുകളുടെ വില സെപ്റ്റംബർ മുതൽ ഉയർത്തുമെന്ന് രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി അറിയിച്ചു. മോഡലുകൾക്ക് അനുസരിച്ച് പരമാവധി 20,000 രൂപ വരെയായിരിക്കും വർധന. പരമാവധി 20,000 രൂപ വരെ വില വർധിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. നിർമാണച്ചെലവിലുണ്ടായ വർധനയും പണപ്പെരുപ്പവുമാണ് വില കൂട്ടുന്നതിന് പ്രധാന കാരണങ്ങളായി കമ്പനി ചൂണ്ടിക്കാട്ടുന്നത്.മേയ് മാസത്തിന് ശേഷം മാരുതി സുസുക്കി വാഹനങ്ങളുടെ വിലയിൽ വരുത്തുന്ന മൂന്നാമത്തെ വർധനയാണിത്. നേരത്തെ ജൂണിലും ഓഗസ്റ്റിലും കമ്പനി വില ഉയർത്തിയിരുന്നു.
എന്നാൽ ഇത്തവണ എല്ലാ മോഡലുകൾക്കും വിലവർധന ബാധകമാകില്ല. തെരഞ്ഞെടുത്ത മോഡലുകൾക്ക് മാത്രമായിരിക്കും പുതിയ നിരക്ക്.ജൂണിൽ നിർമാണച്ചെലവ് വർധിച്ചതിന്റെ പശ്ചാത്തലത്തിൽ 30,000 രൂപ വരെ മാരുതി വാഹനങ്ങൾക്ക് വില കൂട്ടിയിരുന്നു. തുടർന്ന് ഓഗസ്റ്റിലും പാസഞ്ചർ വാഹനങ്ങളുടെ വിലയിൽ വർധന വരുത്തി. ഇതിന് പിന്നാലെയാണ് സെപ്റ്റംബറിലെ പുതിയ വിലവർധന.അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതും പണപ്പെരുപ്പവും വാഹന നിർമാണച്ചെലവിൽ സമ്മർദം സൃഷ്ടിക്കുന്നതായി കമ്പനി വ്യക്തമാക്കി.
ഇതിനുപുറമെ മിഡിൽ ഈസ്റ്റിലെ സംഘർഷത്തെ തുടർന്നുണ്ടായ ആഗോള ഗതാഗത, ഇന്ധന ചെലവുകളിലെ വർധനയും കമ്പനിയുടെ ചെലവിനെ ബാധിച്ചിട്ടുണ്ട്.നിർമാണച്ചെലവിലുണ്ടായ അധികഭാരം പരമാവധി കമ്പനി തന്നെ വഹിക്കാൻ ശ്രമിച്ചെങ്കിലും മുഴുവൻ ചെലവും ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അതിന്റെ ഒരു ഭാഗം ഉപഭോക്താക്കളിലേക്ക് കൈമാറുന്നതെന്നാണ് മാരുതി സുസുക്കിയുടെ വിശദീകരണം.ഏതൊക്കെ മോഡലുകൾക്കാണ് വില കൂടുകയെന്നും ഓരോ മോഡലിനും എത്ര രൂപ വർധനയുണ്ടാകുമെന്നും കമ്പനി വരും ദിവസങ്ങളിൽ വ്യക്തമാക്കും. ഉത്സവ സീസണിൽ കാർ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് പുതിയ നിരക്ക് നിർണായകമായേക്കും.