ഏക മകന്റെ ജീവനെടുത്ത് റോഡപകടം; ഓർമ്മയ്ക്കായി നാടിന് വായനശാല നിർമ്മിച്ച് വയോ ദമ്പതികൾ
ഏകമകന്റെ വേർപാടിന്റെ ഒന്നാം ചരമവാർഷികത്തില്‍ മകന്റെ ഓർമ്മയ്ക്കായി വായനശാല നിർമിച്ച് വയോ ദമ്പതികൾ. പുസ്തകങ്ങളെയും വായനയേയും ഫോട്ടോഗ്രഫിയെയും സ്നേഹിച്ചിരുന്ന ചേർത്തല മണവേലി വിഷ്ണുഭവൻ വിഷ്ണുവിന്റെ (25) ഓർമ്മയ്ക്കായി പിതാവ് പി ജി സത്യനും മാതാവ് രാധികയുമാണ് വായനശാല നിര്‍മിക്കുന്നത്. വീടിന് സമീപം തന്റെ ഫർണീച്ചർ കടമുറികളിലെ 250 ചതുരശ്ര അടിയോളമുള്ള ഒരു മുറി വിഷ്ണു സ്മാരക വായനശാലയും ഗ്രന്ഥശാലയുമായി ക്രമീകരിച്ചിരിക്കുന്നത്.
ആലപ്പുഴ കലവൂർ കെഎസ്ഡിപിയിലെ ജീവനക്കാരനായിരുന്ന വിഷ്ണു കഴിഞ്ഞ ഓഗസ്റ്റ് ആറിന് രാവിലെ ജോലിക്കു പോകുമ്പോൾ ലോറി വിഷ്ണുവിന്റെ ബൈക്കിൽ ഇടിച്ചുള്ള അപകടത്തിലാണ് മരിച്ചത്. സത്യന്റെയും രാധികയുടെയും ഏക മകനായിരുന്നു വിഷ്ണു. വായനശാലയുടെ ഉദ്ഘാടനം 17 ന് വൈകിട്ട് 5 ന് കൃഷി മന്ത്രി പി പ്രസാദ് നിർവഹിക്കും. വിഷ്ണുവിന്റെ അനുസ്മരണം, ക്വിസ് പരിപാടി, ഏകാംഗ നാടകം തുടങ്ങിയവയും ഉദ്ഘാടനത്തിന്റെ ഭാഗമായുണ്ട്. നാടിന്റ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വീടുകളിൽ നിന്നും വ്യക്തികളിലും നിന്നും പുസ്തകങ്ങൾ സ്വരൂപിയ്ക്കുന്നത്.