മലയാളത്തിന്റെ സുകൃതം; എം.ടി.വാസുദേവൻ നായരുടെ നവതിയാഘോഷത്തിന് ഇന്ന് തുഞ്ചൻ പറമ്പിൽ തുടക്കം…
തിരൂർ: ഭാഷാ പിതാവിന് ആദരമുരുക ഇടമാണ് തിരൂർ തുഞ്ചൻപറമ്പ്. ഇപ്പോൾ തുഞ്ചൻപറമ്പ് എം ടി വാസുദേവൻ നായർക്ക് ആദരമോതുകയാണ്. ജന്മദിനം പൊതുവേ ആഘോഷിക്കാത്ത എംടിയുടെ 90 ആം പിറന്നാൾ ഇന്നുമുതൽ ആഘോഷമാവുകയാണ് ഇവിടെ.ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തിരി തെളിക്കുന്നതോടെ പ്രൗഢഗംഭീരമായ നവതി ആഘോഷത്തിന് തുടക്കമാകും. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ സജി ചെറിയാൻ, വി. അബ്ദുറഹിമാൻ,നടൻ മമ്മൂട്ടി,എഴുത്തുകാരൻ സി.രാധാകൃഷ്ണൻ, പി നന്ദകുമാർ എംഎൽഎ, കെ ശ്രീകുമാർ തുടങ്ങിയവർ എംടിക്കൊപ്പം വേദിയിൽ ഉണ്ടാകും. എംടിയുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെയും കഥകളുടെയും ജ്ഞാനപീഠം ഉൾപ്പെടെയുള്ള പുരസ്കാരങ്ങളുടെയും പ്രദർശനം കാഴ്ച എന്ന പേരിൽ നടക്കും. നാളെ എംടിയുടെ നോവൽ ഭൂമിക,എംടിയുടെ കഥാപ്രപഞ്ചം എന്നീ സെമിനാറുകളും ഉച്ചയ്ക്കുശേഷം എംടിയുടെ ഉറ്റ സുഹൃത്തുക്കൾ പങ്കെടുക്കുന്ന സ്നേഹ സംഗമവും നടക്കും.
വൈകിട്ട് എംടിയുടെ മകൾ പ്രശസ്ത നർത്തകി അശ്വതി ശ്രീകാന്ത് അച്ഛനു മുന്നിൽ നൃത്ത സന്ധ്യ അവതരിപ്പിക്കും. പതിനെട്ടാം തീയതി ഹരിഹരൻ, കെ. ജയകുമാർ, സീമ, പ്രിയദർശൻ, വിനീത്, ലാൽ ജോസ് എന്നിവർ പങ്കെടുക്കുന്ന എംടിയുടെ ചലച്ചിത്രലോകം എന്ന സെമിനാറും മന്ത്രി പി എ മുഹമ്മദ് റിയാസ്,ജോൺ ബ്രിട്ടാസ് എംപി എന്നിവർ പങ്കെടുക്കുന്ന എംടി എന്ന പത്രാധിപർ സെമിനാറും നടക്കും.
19ന് വി മധുസൂദനൻ നായർ, ബാലചന്ദ്രൻ ചുള്ളിക്കാട്, വി കെ ശ്രീരാമൻ എന്നിവർ പ്രഭാഷണം നടത്തുന്ന അറിയുന്ന അറിയുന്ന എംടി അറിയേണ്ട എംടി എന്ന സെമിനാറും ഉണ്ട്. ഉച്ചയ്ക്ക് എംടിയുടെ സുഹൃത്തുക്കളായിരുന്ന സാഹിത്യപ്രതിഭവങ്ങളുടെ മക്കളുമായുള്ള തലമുറകളിലൂടെ എന്ന പരിപാടിയും നടക്കും. വൈകിട്ട് എംടിയുടെ ഏക നാടകമായ “ഗോപുര നടയിൽ “തുഞ്ചൻപറമ്പിൽ അവതരിപ്പിക്കും. 20ന് എംടിയും തുഞ്ചൻപറമ്പും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എംപി അബ്ദുസമദ് സമദാനി എംപി, എ വിജയരാഘവൻ, എംആർ വാരിയർ, കെ പി രാമനുണ്ണി എന്നിവർ പ്രസംഗിക്കും. തുടർന്ന് അവധി ആഘോഷത്തിന്റെ സമാപന സമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.