Local newsPONNANI

ഈ വള്ളങ്ങളൊന്ന് അടുപ്പിക്കാൻ വഴിയുണ്ടാക്കണേ

പുതുപൊന്നാനി കടവനാട് കനോലി കനാലിൽ നിർത്തിയിട്ടിരിക്കുന്ന വള്ളങ്ങൾ

എരമംഗലം : പുതുപൊന്നാനി കടവനാട് മുതൽ തൃശ്ശൂർ ജില്ലയിലെ അണ്ടത്തോട് വരെയുള്ള മേഖലയിലെ നൂറുകണക്കിനുവരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ആശ്രയമാണ് വെളിയങ്കോട് അഴിമുഖം. ചെറുവള്ളങ്ങൾ മുതൽ വലിയ വള്ളങ്ങൾ വരെ കടലിൽ മീൻപിടിക്കാനായി പോകുന്നത് ഈ അഴിമുഖം വഴിയാണ്.
പുതുപൊന്നാനി, വെളിയങ്കോട് പ്രദേശങ്ങളുമായി അതിർത്തിപങ്കിടുന്ന വെളിയങ്കോട് അഴിമുഖത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്.
1550-ൽ രചിക്കപ്പെട്ട ‘വോയജസ് ആൻഡ് ട്രാവെൽസ് ഓഫ് ഗിവൻ ബാറ്റിസ്റ്റ റാമുസിയോ’ എന്ന പോർച്ചുഗീസ് ഗ്രന്ഥത്തിൽ മലബാറിലെ തുറമുഖങ്ങളെ സംബന്ധിച്ചുള്ള വിവരണങ്ങളിൽ വെളിയങ്കോട് തുറമുഖം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കച്ചവടാവശ്യാർഥം കേരളത്തിലേക്ക് കപ്പലിൽ അറബികളെത്തുമ്പോൾ വെളിയങ്കോട് തുറമുഖത്ത് വിശ്രമിച്ചിരുന്നതായി വെളിയങ്കോട് കുഞ്ഞിമരക്കാർ ശഹീദിന്റെ ചരിത്രരേഖകളിലുൾപ്പെടെ പറയപ്പെടുന്നുണ്ട്.
നിലവിലെ അവസ്ഥയിൽ ഇവിടെ ഒരു ചെറുവഞ്ചിപോലും അഴിമുഖത്തേക്ക് അടുപ്പിക്കുന്നത് ഏറെ സാഹസികമായാണ്. ജീവൻപോലും അപകടത്തിൽപ്പെടുമെന്ന് അറിഞ്ഞിട്ടും കുടുംബം പോറ്റാനായി മറ്റു വഴികളില്ലാത്തതിനാൽ മണൽത്തിട്ടകളും കരിങ്കല്ലുകളും നിറഞ്ഞുകിടക്കുന്ന അഴിമുഖത്തിലൂടെയാണ് മീൻപിടിക്കാനായി കടലിലേക്കും തിരിച്ചും ഇവർക്ക് വള്ളങ്ങളുമായി പോകേണ്ടിവരുന്നത്. തീരങ്ങളിൽ കടൽഭിത്തികൾ നിറഞ്ഞതിനാൽ വള്ളങ്ങൾ കരയിൽ കയറ്റിവെക്കാനാകില്ല. പകരം അഴിമുഖത്തിലൂടെ വന്ന് പുതുപൊന്നാനി, വെളിയങ്കോട് മാട്ടുമ്മൽ എന്നിവിടങ്ങളിലെ പുഴയുടെ കരഭാഗത്തും കടവനാട് കനോലി കനാലിലുമായാണ് വള്ളങ്ങൾ നിർത്തിയിടുന്നത്.
മുനമ്പം ജാറത്തിനോടു ചേർന്നുള്ള കടൽഭിത്തികൾ അധികവും കടലേറ്റത്തിൽ അഴിയിലേക്കാണ് തകർന്നുവീഴുക. ഈ കല്ലുകൾ പിന്നീട് ഒഴുക്കിൽപ്പെട്ട്‌ അഴിമുഖത്തിന്റെ പലഭാഗത്തായി കുമിഞ്ഞുകൂടിക്കിടക്കുകയാണ്. നിരവധിതവണ വള്ളങ്ങൾ മണൽത്തിട്ടയിലും കല്ലിലും തട്ടി അപകടത്തിൽപ്പെട്ടു. സംസ്ഥാനസർക്കാർ തുറമുഖവകുപ്പിന്റെ നേതൃത്വത്തിൽ രണ്ടുകോടി രൂപ ചെലവിട്ട് മണൽത്തിട്ടകളും കല്ലുകളും നീക്കംചെയ്തെങ്കിലും അതൊന്നും ഫലവത്തായിട്ടില്ല. വിദഗ്‌ധപഠനം നടത്തി പുഴയും അഴിമുഖവും സംരക്ഷിക്കുന്നതിന് പദ്ധതി തയ്യാറാക്കി നടപ്പാക്കണമെന്ന് പൊതുപ്രവർത്തകനായ വി.എം.എ. ബക്കർ പുതുപൊന്നാനി പറഞ്ഞു. വെളിയങ്കോട് അഴിമുഖത്തിലൂടെ ജീവൻ പണയംവെച്ച് മത്സ്യത്തൊഴിലാളികളുടെ യാത്ര.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button