കാട്ടാന തകർത്ത മതിൽ നാട്ടുകാർ പുനർനിർമിച്ചു
എടക്കര ∙ കാട്ടാന തകർത്ത മതിൽ വനം വകുപ്പ് പുനർനിർമിച്ചില്ല. ഒടുവിൽ നാട്ടുകാർ പുനർനിർമാണം നടത്തി. പടുക്ക വനം സ്റ്റേഷന് സമീപം ചീനിക്കുന്ന് തീക്കടിയിൽ വനാതിർത്തിയിലെ മതിലാണ് നാട്ടുകാർ നിർമിച്ചത്. കരുളായി വനത്തിൽനിന്നു നാട്ടിലേക്കിറങ്ങിയെത്തുന്ന ആനകളെ പ്രതിരോധിക്കാൻ വനം വകുപ്പ് നിർമിച്ച കരിങ്കൽ മതിൽ തീക്കടി കോളനിക്ക് സമീപം ഒരു വർഷം മുൻപാണ് തകർത്തത്. മതിൽ തകർന്ന ഭാഗത്തിലൂടെ ആനക്കൂട്ടമെത്തി വ്യാപകമായി വിളകൾ നശിപ്പിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ വനം വകുപ്പിൽ പലതവണ പരാതിപ്പെട്ടതാണ്.മതിൽ പുനർനിർമിക്കാനെന്ന പേരിൽ 5 തവണ വനപാലകരെത്തി അളന്ന് പോയെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ഒരു മാസത്തിനിടയിൽ മാത്രമായി 11 തവണയാണ് ഇതിലൂടെ ആനക്കൂട്ടം നാട്ടിലെത്തിയത്. അണ്ടിക്കാടൻ സത്താർ, തുപ്പിലിക്കാടൻ ഉമ്മർ, സിദ്ദീഖ് എന്നിവരുടെ കായ്ഫലമള്ള 16 തെങ്ങുകൾ നശിപ്പിച്ചു. റമീസ് കൽക്കുളം, തപ്പിലിക്കാടൻ സിദ്ദീഖ്, സുന്ദരൻ കോട്ടയിൽ, അണ്ടിക്കാടൻ സത്താർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടുകാരും കർഷകരും ചേർന്നാണ് മതിൽ നിർമാണം നടത്തിയത്.