ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന
വട്ടംകുളം : മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതിന്റെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി, തട്ടുകടകൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് മിന്നൽ പരിശോധന നടത്തി.
എടപ്പാൾ ടൗൺ, അണ്ണക്കമ്പാട്, മാണൂർ, ചേകനൂർ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളിലായിരുന്നു ശുചിത്വ പരിശോധന. ലൈസൻസ്, കുടിവെള്ള ശുചിത്വം, ഭക്ഷണം പാചകം ചെയ്യുന്ന ജീവനക്കാരുടെ ഹെൽത്ത് കാർഡ്, ഖര-ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ഹരിത കർമ്മസേന കാർഡ് എന്നിവ പരിശോധിച്ചു.
ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത നാല് ഹോട്ടലുകൾക്ക് ആരോഗ്യ വകുപ്പ് നിർദേശ നോട്ടീസ് നൽകി.
Health Department Keralaയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയ്ക്ക് വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഡബ്ല്യു. രഞ്ജിത്ത് ലാൽ, കെ.സി. മണിലാൽ, സതീഷ് അയ്യാപ്പിൽ, കെ.എ. അനീഷ്, കെ.ജി. നിനു, റഹീം അലിയാർ എന്നിവർ നേതൃത്വം നൽകി.
പരിശോധനകൾ തുടരുമെന്നും വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും മെഡിക്കൽ ഓഫീസർ ഡോ. എം.എച്ച്. മുഹമ്മദ് ഫസൽ അറിയിച്ചു.