യുവാവിനെ മർദിച്ചു; നാലുപേർ അറസ്റ്റിൽ
ചങ്ങരംകുളം: മൂക്കുതലയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. നാലുപേരെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. മൂക്കുതല സ്വദേശികളായ ജിതിൻ (25), നിഹാൽ (18), മുഹമ്മദ് ഹാദിഫ് (19), രാഹുൽ (25) എന്നിവരാണ് അറസ്റ്റിലായത്. ഒരു പ്രതി കൂടി പിടിയിലാകാനുണ്ടെന്ന് ചങ്ങരംകുളം എസ്.ഐ ജിതിൻ വാസ് പറഞ്ഞു.ഈ മാസം 22നാണ് കേസിന് ആസ്പദമായ സംഭവം. മൂക്കുതല സ്വദേശി വെന്നില വളപ്പിൽ അഫ്സലിനെ മുൻ വിരോധം തീർക്കാൻ അഫ്സലിനെ വീട്ടിൽ നിന്ന് വിളിച്ചുവരുത്തി മൂക്കുതല കാവിൽപാടം കുളത്തിന് സമീപം അഞ്ച് പേരടങ്ങുന്ന സംഘം മർദിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി.ചങ്ങരംകുളം പൊലീസിന് ലഭിച്ച പരാതിയിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.പിടിയിലായ പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.