യുവതിയുടെയും കുഞ്ഞിന്റെയും കഴുത്ത് മുറിച്ചത് യന്ത്രസഹായത്തോടെ; അന്വേഷണം ഊർജിതം
പാലക്കാട്: അട്ടപ്പാടി പുതൂർ ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നിൽ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഫൊറൻസിക് പരിശോധനയിൽ മൃതദേഹങ്ങൾ നാലോ അഞ്ചോ ദിവസത്തോളം പഴക്കമുള്ളതാണെന്നാണ് സൂചന. പുഴയിൽ ഒഴുക്കിൽപ്പെട്ട ചാക്കുകൾ ഒഴുക്ക് കുറഞ്ഞതിനെ തുടർന്ന് ഞായറാഴ്ച കരയ്ക്കടുത്ത് അടിഞ്ഞതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
പ്രദേശത്ത് കാലിമേക്കാനെത്തിയവരാണ് ഞായറാഴ്ച ഉച്ചയോടെ പുഴയോരത്ത് മൂന്ന് ചാക്കുകൾ കിടക്കുന്നത് കണ്ടത്. സംശയം തോന്നി ആദ്യ ചാക്ക് തുറന്നപ്പോഴാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.പൊലീസും ഫൊറൻസിക് സംഘവും നടത്തിയ പരിശോധനയിൽ രണ്ടാമത്തെ ചാക്കിൽനിന്ന് ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെയും അഞ്ച് വയസ്സോളം പ്രായമുള്ള പെൺകുട്ടിയുടെയും ശിരസ്സ് ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ കണ്ടെത്തി. മൂന്നാമത്തെ ചാക്കിൽ അടിവസ്ത്രം മാത്രം ധരിച്ച നിലയിലുള്ള യുവതിയുടെ ശരീരഭാഗങ്ങളായിരുന്നു. കൈകാലുകൾ മടക്കി ശരീരം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ശേഷമാണ് ചാക്കിനുള്ളിൽ കയറ്റിയിരുന്നതെന്നും കണ്ടെത്തി.കഴുത്തറുത്തത് യന്ത്രം ഉപയോഗിച്ചെന്ന് സംശയംമൃതശരീരങ്ങളുടെ കഴുത്ത് യന്ത്രസഹായത്തോടെ മുറിച്ച നിലയിലായിരുന്നുവെന്നാണ് പരിശോധനയിൽ ലഭിച്ച സൂചന. ഒരാൾക്ക് ഒറ്റയ്ക്ക് ഇത്തരമൊരു കൃത്യം നടത്തുക പ്രയാസമാണെന്ന വിലയിരുത്തലിലാണ് പൊലീസ്. ശരീരം ഇടുപ്പിന് സമീപം മടക്കി കൈകാലുകൾ ചേർത്തുവെച്ച ശേഷമാണ് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ചാക്കിൽ അടച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സംഭവത്തിൽ ഒന്നിലധികം പേർക്ക് പങ്കുണ്ടാകാമെന്ന സംശയവും ശക്തമായി.തമിഴ്നാട്ടിൽ നിന്നുള്ള അരിച്ചാക്കുകൾമൃതശരീരങ്ങൾ കണ്ടെത്തിയ ചാക്കുകൾ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് വിതരണം ചെയ്യുന്ന ബിരിയാണി അരിയുടെ ചാക്കുകളാണെന്നാണ് പൊലീസ് കണ്ടെത്തിയത്. ചാക്കുകൾ എവിടെനിന്നാണ് വാങ്ങിയതെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണവും ആരംഭിച്ചു.മൂന്നുദിവസം മുൻപുവരെ പ്രദേശത്ത് പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഞായറാഴ്ച ഒഴുക്ക് കുറഞ്ഞതോടെയാണ് ചാക്കുകൾ പുഴയോരത്ത് അടിഞ്ഞതെന്നാണ് പൊലീസ് കരുതുന്നത്.അട്ടപ്പാടി മേഖലയിലും തമിഴ്നാട് അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലും അടുത്ത ദിവസങ്ങളിൽ കാണാതായവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. അഗളി ഡിവൈ.എസ്.പി. ആർ. അശോകന്റെ നേതൃത്വത്തിലാണ് അന്വേഷണം. അഗളി സി.ഐ. സി. രതീശ് ഉൾപ്പെടെയുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി