പൊന്നാനി വലിയ പള്ളിക്കുളത്തിന് ഇനി സ്ഥിരം പരിചരണം ശുചീകരണ തൊഴിലാളികളുടെ സേവനം ഉറപ്പാക്കി നഗരസഭ
പൊന്നാനി വലിയ ജുമുഅത്ത് പള്ളിക്കുളം
പൊന്നാനി: മാലിന്യം നിറഞ്ഞ് മത്സ്യങ്ങൾ ചത്ത് പൊങ്ങിയതിനെ തുടർന്ന് പ്രതിഷേധങ്ങൾക്കിടയാക്കിയ പൊന്നാനി വലിയ പള്ളിക്കുളത്തിന് ഇനി സ്ഥിരം പരിചരണം. കുളവും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ദിവസവും രണ്ട് ശുചീകരണ തൊഴിലാളികളുടെ സേവനം ഉറപ്പാക്കി നഗരസഭ. അമൃത് മിത്ര പദ്ധതിയുടെ ഭാഗമായാണ് ജീവനക്കാരെ നിയോഗിക്കുന്നത്. ഒരു വർഷത്തേക്ക് പരമാവധി 10 ലക്ഷം രൂപ വരെ ചെലവഴിക്കാവുന്ന പദ്ധതിക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.ഇതോടൊപ്പം ചരിത്രപ്രാധാന്യമുള്ള വലിയ പള്ളിക്കുളം സംരക്ഷണ ഭിത്തി കെട്ടി നവീകരിക്കുന്നതിനുള്ള 65 ലക്ഷം രൂപയുടെ പദ്ധതിക്കും നഗരസഭ രൂപം നൽകിയിട്ടുണ്ട്. അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി ഇതിന്റെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) സമർപ്പിച്ചു.
കനാലിനോടനുബന്ധിച്ചുള്ള കുളം സംരക്ഷിക്കുന്നതിന് സമാനമായ പദ്ധതിയിൽ നേരത്തെ ഒരു കോടി രൂപ അനുവദിച്ചിരുന്നു. വലിയ പള്ളിക്കുളത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സമാനമായ പരിഗണന ലഭിക്കുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.മാലിന്യം നിറഞ്ഞതിനെ തുടർന്ന് കുളത്തിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെ കുളം നവീകരിക്കുന്നതിനായി നഗരസഭ ജനകീയ ഇടപെടലുമായി രംഗത്തെത്തി. കുളത്തിലെ ജലത്തിന്റെ പരിശോധനാ റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം ബോധവൽക്കരണ യോഗങ്ങളും സംഘടിപ്പിച്ചിരുന്നു.ചരിത്രപ്രാധാന്യമുള്ള കുളം സംരക്ഷിച്ച് നവീകരിക്കുമെന്ന് നഗരസഭ അന്ന് തന്നെ പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ തുടർച്ചയായാണ് അമൃത് മിത്ര, അമൃത് 2.0 പദ്ധതികളിലേക്ക് നഗരസഭ ഡി.പി.ആർ സമർപ്പിച്ചത്.കുളത്തിന്റെ പരിസരവും കടവും ദിവസേന വൃത്തിയായി സൂക്ഷിക്കുന്നതിന് രണ്ട് ജീവനക്കാരുടെ സ്ഥിരം സേവനം ഉറപ്പാക്കാൻ കഴിഞ്ഞത് വലിയ നേട്ടമായാണ് നഗരസഭ വിലയിരുത്തുന്നത്. ശുചീകരണത്തിന് പുറമെ നവീകരണ പദ്ധതിയും യാഥാർഥ്യമായാൽ വലിയ പള്ളിക്കുളത്തിന്റെ വീണ്ടെടുപ്പ് പൂർണമാകുമെന്നാണ് പ്രതീക്ഷ.