പൊന്നാനിയിൽ വളർച്ചയെത്താത്ത എണ്ണായിരം കിലോയിലധികം മീനുകളെ പിടിച്ചെടുത്ത് അധികൃതർ നശിപ്പിച്ചു
പൊന്നാനി : വളർച്ചയെത്താത്ത മീനുകളെ പിടിച്ച വള്ളക്കാർക്കെതിരേ ഫിഷറീസ് വകുപ്പിന്റെ നടപടി.ഏഴായിരം കിലോയിലധികം മത്തി അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു. വലിപ്പത്തിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ള മീനുകളെ പിടിച്ച വള്ളക്കാർക്കെതിരേയാണ് നടപടിയുണ്ടായത്.
ബുധനാഴ്ച പൊന്നാനിയിൽ നടത്തിയ പരിശോധനയിലാണ് വള്ളക്കാരെ പിടികൂടിയത്. കുഞ്ഞൻമത്തിയാണ് വള്ളക്കാർക്ക് ലഭിച്ചിരുന്നത്. 10 സെന്റീമീറ്ററിൽ താഴെയുള്ള മത്തി പിടിക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്.
ട്രോളിങ് നിരോധനമായതിനാൽ എൻജിൻ ഘടിപ്പിച്ച വള്ളങ്ങളിലാണ് തൊഴിലാളികൾ കടലിൽ മീൻപിടിക്കാൻ പോകുന്നത്. ഇവർക്ക് ലഭിക്കുന്നത് വളർച്ചയെത്താത്ത മീൻകുഞ്ഞുങ്ങളെയാണ്. ഇത്തരം മീനുകളെ പിടിക്കുന്നത് കടലിലെ മത്സ്യസമ്പത്ത് കുറയ്ക്കുമെന്നതിനാലാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. നടപടി കടുപ്പിച്ചതോടെ 50,000 കിലോയിലധികം ചെറുമീനുകളെ ഫിഷറീസ് അധികൃതർ ഇതിനോടകം പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച പിടിച്ചെടുത്ത മീനുകൾ കടലിൽ തള്ളുകയാണ് ചെയ്തത്. മൂന്നിരട്ടിയോളം വളർച്ചയെത്തുന്ന മീനുകളാണിവ.
കുഞ്ഞൻമീനുകളുമായെത്തിയ 15 വള്ളങ്ങൾക്കെതിരേയാണ് നടപടിയെടുത്തത്. ഇവയിൽ ഘടിപ്പിച്ച എൻജിനുകൾ ഫിഷറീസ് സ്റ്റേഷനിലേക്ക് മാറ്റി. ഫിഷറീസ് അസി. രജിസ്ട്രാർ ദിലീപ്കുമാർ, അസി. ഫിഷറീസ് എക്‌സ്റ്റൻഷൻ ഓഫീസർ അരുൺസൂരി, ഫിഷറീസ് ഓഫീസർ സുലൈമാൻ, തീരദേശ പോലീസസ്റ്റേഷനിലെ സി.ഐ. രാജ്‌മോഹൻ, എസ്.ഐ. മധുസൂദനൻ, റസ്ക്യൂഗാർഡുമാരായ സലീം, സെമീർ, ഹുനൈസ്, ഹസ്സൻ, അഷ്‌കർ, ഹസ്സർ, ആഷിർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.