താനൂര്‍ കസ്റ്റഡി മരണം: മൂന്ന് വര്‍ഷത്തിന് ശേഷം സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മലപ്പുറം: മൂന്നുവര്‍ഷം മുന്‍പ് നടന്ന താനൂര്‍ കസ്റ്റഡി കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. താമിര്‍ ജിഫ്രിയെ പുലര്‍ച്ചെ പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതും തിരിച്ചുകൊണ്ടു പോകുന്നതുമാണ് ദൃശ്യത്തിലുള്ളത്. അവശനായ താമിര്‍ ജിഫ്രിയെ പോലിസ് ചുമന്ന് കൊണ്ടുപോകുന്നതും ദൃശ്യത്തില്‍ കാണാം. നിലവില്‍ കേസ് അന്വേഷിക്കുന്ന സിബിഐ ആണ് താമിര്‍ ജിഫ്രിയുടെ സഹോദരന് ഹാരിസ് ജിഫ്രിക്ക് ദൃശ്യം നല്‍കിയത്. 2023 ഓഗസ്റ്റ് ഒന്നിനാണ് ലഹരി കേസില്‍ താമിറിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത്. അന്ന് പുലര്‍ച്ചെ താമിര്‍ ജിഫ്രി മരണപ്പെട്ടു.താമിറിന്റെ കുടുംബം മൂന്ന് വര്‍ഷമായി നടത്തുന്ന നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോള്‍ പോലീസ് സ്റ്റേഷന് പുറത്തെ ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്. 2023 ഓഗസ്റ്റ് ഒന്നിനാണ് താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രി മരിക്കുന്നത്. താമിറിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ 21 മുറിപ്പാടുകള്‍ ഉണ്ടായിരുന്നതായി ശരീരപരിശോധനാ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതില്‍ 19 മുറിവുകള്‍ മരണത്തിന് മുമ്പും രണ്ട് മുറിവുകള്‍ മരണത്തിന് ശേഷവും സംഭവിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.കേസ് ആദ്യം ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചിരുന്നത്. എട്ട് പോലീസുകാരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലാത്തതിനാല്‍ കുടുംബം നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടു.