BREAKING NEWSLATEST NEWSTRENDINGUPDATES

കോടതികൾ ഭൂരിപക്ഷവാദത്തിന് വഴങ്ങുന്നു – ജസ്റ്റിസ് ദീപക് ഗുപ്ത

ന്യൂഡൽഹി: രാജ്യത്തെ കോടതികൾ ഭൂരിപക്ഷവാദത്തിന് വഴങ്ങുകയാണെന്നും ഇതിന് വ്യക്തമായ തെളിവാണ് ആരാധനാലയ തർക്കങ്ങളിലെ ഇരട്ടത്താപ്പും വിവേചനവുമെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത. സ്വതന്ത്രവും ഭയരഹിതവുമായ നീതിന്യായ വ്യവസ്ഥയില്ലാതെ ഒരു രാജ്യത്തുനിന്നും സ്വാതന്ത്ര്യം അവകാശപ്പെടാൻ ആകില്ലെന്നും വ്യക്തിസ്വാതന്ത്ര്യവും വിയോജിക്കാനുള്ള അവകാശവും സംരക്ഷിക്കുന്നതിൽ ഭരണഘടന കോടതികൾ പരാജയപ്പെടുകയാണെന്നും ദേശീയ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ജസ്റ്റിസ് ദീപക് ഗുപ്ത ചൂണ്ടിക്കാട്ടി. അയോധ്യ കേസിൽ ഇനി മറ്റ് ആരാധനാലയ തർക്കങ്ങൾ ഉന്നയിക്കാനോ തുറന്നു പരിശോധിക്കാനോ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ, അതേ വിധിയിൽ പങ്കാളിയായ ന്യായാധിപന്മാർ തന്നെ പിന്നീട് ഗ്യാൻ വാപി മസ്ജിദ് കേസിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യക്ക് പരിശോധനയ്ക്ക് ഉത്തരവിട്ടത് ഇത്തരം കേസുകളുടെ പ്രളയത്തിന് വഴി തുറന്നത്. ഗംഗാനദിയിൽ ബോട്ടിലിരുന്ന് ചിക്കൻ കഴിച്ച ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക് മാസങ്ങളോളം ജാമ്യം നിഷേധിച്ചപ്പോൾ, അതേ പവിത്രമായ നദിയിൽ മദ്യം കഴിച്ച ഭൂരിപക്ഷ സമുദായത്തിലെ അംഗങ്ങൾക്ക് മണിക്കൂറുകൾക്കുള്ളിൽ ജാമ്യം ലഭിച്ച സംഭവം കോടതികളുടെ നിലപാടുകളിലെ വൈരുദ്ധ്യവും പക്ഷപാതവുമാണ് വെളിപ്പെടുത്തുന്നത്. ആറു വർഷത്തിലധികമായി വിചാരണപോലും ആരംഭിക്കാതെ ഉമർ ഖാലിദ് ജയിലിൽ തുടരുകയാണ്. ‘ജാമ്യമാണ് നിയമം, ജയിലിൽ അപവാദമാണ്’ എന്ന തത്വത്തിന് പകരം ‘ജയിലാണ് നിയമം’ എന്ന അവസ്ഥ വന്നിരിക്കുകയാണ്.കുറ്റം തെളിയുന്നതു വരെ നിരപരാധിയാണെന്ന പ്രാഥമിക നിയമതത്വം നിലനിൽക്കെ, വിചാരണ വൈകിപ്പിച്ച് നടപടിക്രമംതന്നെ ശിക്ഷയാക്കി മാറ്റുന്ന പ്രവണത അംഗീകരിക്കാനാകില്ല. രാജ്യദ്രോഹികളെന്ന് മുദ്രകുത്തി പൗരന്മാരുടെ ജീവിതം തകർക്കുമ്പോൾ കോടതികൾ മൗനം പാലിക്കുകയാണ്. ഉന്നത നീതിപീഠങ്ങളിൽ എല്ലാ വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും ലേഖനത്തിൽ വിമർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button