എടപ്പാളയം ഗ്ലോബൽ എജ്യുക്കേഷൻ അവാർഡ് പ്രോഗ്രാം ശ്രദ്ധേയമായി
എടപ്പാൾ: “പ്രവാസി പ്രവാസിക്ക്” എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന ഇടപ്പളയം ഗ്ലോബൽ സംഘടിപ്പിച്ച ഗ്ലോബൽ എഡ്യൂക്കേഷൻ അവാർഡ് പ്രോഗ്രാം 2026 ശ്രദ്ധേയമായി. വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനും ഉന്നത വിദ്യാഭ്യാസത്തിനും തൊഴിൽ സാധ്യതകൾക്കും മാർഗനിർദേശം നൽകുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. വി. എസ്. ജോയ് എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും വിദ്യാഭ്യാസ മികവിനെ അംഗീകരിക്കുകയും ചെയ്യുന്ന ഇത്തരം സംരംഭങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. നൗഷാദ് അലി എം.എൽ.എ. മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ ഇടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ, ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും മറ്റ് ജനപ്രതിനിധികളും വിദ്യാഭ്യാസ വിദഗ്ധരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ഇടപ്പളയം ഗ്ലോബൽ എഡ്യൂക്കേഷൻ അവാർഡ്സ് വിതരണം ചെയ്തു. കൂടാതെ, “Future Pathways – ഗ്ലോബൽ സ്റ്റുഡന്റ് ഇന്ററക്ഷൻ ഫോറം ” എന്ന പേരിൽ സംഘടിപ്പിച്ച സംവേദനാത്മക സെഷനിൽ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന ഇടപ്പളയം ഗ്ലോബൽ അംഗങ്ങളുടെ മക്കൾ അവരുടെ പഠനാനുഭവങ്ങൾ, സർവകലാശാല പ്രവേശനം, സ്കോളർഷിപ്പുകൾ, ക്യാമ്പസ് ജീവിതം, കരിയർ സാധ്യതകൾ എന്നിവ പങ്കുവെച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സംശയനിവാരണത്തിനും മാർഗനിർദേശത്തിനും ഈ സെഷൻ ഏറെ പ്രയോജനകരമായി. ഇടപ്പളയം ഗ്ലോബൽ 2016-ൽ രൂപീകൃതമായ, ഇന്ന് എട്ട് രാജ്യങ്ങളിലായി 13 ചാപ്റ്ററുകളിലും 1,800-ലധികം അംഗങ്ങളുമുള്ള ഒരു ആഗോള പ്രവാസി കൂട്ടായ്മയാണ്. ഇടപ്പാളിനോട് ചേർന്നുള്ള ഇടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ, ആലംകോട് പഞ്ചായത്തുകളിലെ പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും ഒരുമിപ്പിക്കുന്ന ഈ സംഘടന, കഴിഞ്ഞ പത്ത് വർഷമായി വിദ്യാഭ്യാസ, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ഗ്ലോബൽ എഡ്യൂക്കേഷൻ അവാർഡ് പ്രോഗ്രാം സംഘടിപ്പിച്ച് വിദ്യാർത്ഥികളെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പരിപാടിയിൽ ഗ്ലോബൽ പ്രസിഡന്റ് നൂറുൽഹഖ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ സുമേഷ് സ്വാഗതം പറഞ്ഞു. ഗ്ലോബൽ ട്രീസറെർ രാജൻ (കാലടി) നന്ദി രേഖപ്പെടുത്തി. “പ്രവാസി പ്രവാസിക്ക്” എന്ന സന്ദേശം പ്രവർത്തനമന്ത്രമാക്കി, പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിനും വിദ്യാഭ്യാസ പുരോഗതിക്കുമായി കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.