ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; ഉത്തർപ്രദേശിൽ 48 മണിക്കൂറിനിടെ 56 മരണം, ഇന്നും മഴ മുന്നറിയിപ്പ്
ലഖ്‌നൗ: ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷമാകുന്നു. ഉത്തർപ്രദേശിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ മാത്രം 56 പേർക്ക് കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ജീവൻ നഷ്ടപ്പെട്ടു. അമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.മൂന്ന് ദിവസത്തിനിടെ വിവിധ ജില്ലകളിലായി 2,254 വീടുകൾ തകർന്നു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.ഉത്തർപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 45.1 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ 1.8 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്താണ് ഇത്ര ശക്തമായ മഴ പെയ്തത്.വിവിധ ജില്ലകളിലായി 17,000ത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു. നദികളിലെ ജലനിരപ്പ് ഉയരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
ദുരന്തബാധിതർക്ക് അടിയന്തര ദുരിതാശ്വാസവും സഹായവും നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.കനത്തമഴയും വെള്ളപ്പൊക്കവും മൂലം ഒഡീഷയിൽ ഒരു ലക്ഷത്തോളം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. ഛത്തീസ്ഗഡിൽ ദേശീയപാതകളിൽ വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതം തടസ്സപ്പെട്ടു. ബസ്തർ മേഖലയിൽ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 16 പേരെ വ്യോമസേന എയർലിഫ്റ്റ് ചെയ്തു.അതേസമയം, കേദാർനാഥിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ളവരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെ മലയാളി സംഘം സീതാപൂരിലെത്തി. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സഹായത്തോടെയാണ് മലയാളികൾ പുറത്തെത്തിയത്.കേദാർനാഥ് സന്ദർശിച്ച് സംഘം കാൽനടയായി മടങ്ങുമ്പോഴായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. 55 പേരാണ് സംഘത്തിലുണ്ടായിരുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരും സംഘത്തിലുണ്ടായിരുന്നു.