ഇ ഹെൽത്ത് തുടർച്ചയായി തകരാറിലാകുന്നത് രോഗികളെ വലയ്ക്കുന്നു
തിരുവനന്തപുരം : ആശുപത്രികളിലെ തിരക്ക് ഒഴിവാക്കി ഒപി സംവിധാനം ഉൾപ്പെടെ വേഗത്തിലാക്കാനായി സർക്കാർ ആരംഭിച്ച ഓൺലൈൻ സംവിധാനം ‘ഇ ഹെൽത്ത് കേരള സർവീസ്’ തുടർച്ചയായി തകരാറിലാകുന്നത് രോഗികളെ വലയ്ക്കുന്നു. പ്രാഥമികാരോഗ്യകേന്ദ്രം മുതൽ മെഡിക്കൽ കോളജ് ആശുപത്രി വരെ ഇ ഹെൽത്ത് സംവിധാനം കഴിഞ്ഞ ഒരാഴ്ച ഒട്ടേറെ തവണ പണിമുടക്കി. ചികിത്സയ്ക്കായി രോഗികൾ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു. സർവറിലെ തകരാർ പരിഹരിക്കാൻ ദിവസങ്ങളായി ശ്രമിച്ചിട്ടും സാധിക്കുന്നില്ല.
ഓൺലൈനായി മുൻകൂട്ടി ഒപി ടിക്കറ്റ് എടുക്കാനാണ് ഇ ഹെൽത്ത് സംവിധാനം ആരംഭിച്ചത്. ടോക്കൺ ഉപയോഗിച്ച് നിശ്ചയിച്ച സമയത്ത് ആശുപത്രിയിൽ എത്തി വളരെ വേഗം ഡോക്ടറെ കണ്ടു മടങ്ങാം. ഇ ഹെൽത്ത് സംവിധാനം തകരാറിലായതോടെ വീണ്ടും പഴയ രീതിയിൽ ഒപി ടിക്കറ്റ് എഴുതി നൽകാൻ അധികൃതർ ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.നിലവിൽ ഇ ഹെൽത്ത് സംവിധാനത്തിലൂടെ മാത്രമാണ് ആശുപത്രികളിൽ എത്തുന്നവർക്കും ഒപി ടിക്കറ്റ് നൽകുന്നത്. തകരാറായതോടെ ഓൺലൈൻ വഴി ടിക്കറ്റ് എടുക്കാൻ സാധിക്കുന്നില്ല.
ഭൂരിപക്ഷം സമയത്തും സൈറ്റ് ഓപ്പൺ ആകുന്നില്ലെന്നതും ജീവനക്കാരെയും രോഗികളെയും വലയ്ക്കുന്നു. പല ആശുപത്രികളിലും സെർവർ തകരാർ രോഗികളും ജീവനക്കാരുമായുള്ള തർക്കത്തിനും കാരണമാകുന്നു. സോഫ്റ്റ് വെയർ ഏറ്റവും പുതിയ വെർഷനിലേക്ക് മാറ്റുകയും സെർവറിൽ ഉയർന്ന ഡേറ്റ സ്റ്റോറേജിനുള്ള സംവിധാനം ഒരുക്കുകയും വേണം. സംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കണമെന്നു നേരത്തെ ആവശ്യം ഉയർന്നിട്ടും നടപടിയുണ്ടായിരുന്നില്ല.