Local newsVATTAMKULAM
ദേ… വന്നൂ ഗ്രാമവണ്ടി, റൂട്ടുകൾ ഇങ്ങനെ
ബസ് സർവീസോ മറ്റു യാത്രാസൗകര്യങ്ങളോ ഇല്ലാത്ത ഗ്രാമങ്ങളെ കോർത്തിണക്കിയുള്ള ഗ്രാമവണ്ടിയുമായെത്തുകയാണ് പഞ്ചായത്തും കെ.എസ്.ആർ.ടി.സി.യും. അടുത്തയാഴ്ച പരീക്ഷണഓട്ടമാണ്. കെ.എസ്.ആർ.ടി.സി.യുടെ ഒരു മിനി ബസാണ് ഗ്രാമവണ്ടിയാക്കുന്നത്.
റൂട്ടുകൾ ഇങ്ങനെ
രാവിലെ ഏഴിന് പൊന്നാനിയിൽനിന്ന് പുറപ്പെടും. എടപ്പാൾ, മാണൂർ, ചേകന്നൂർ, പാലപ്ര, മൂതൂർ, എരുവപ്രക്കുന്ന്, വട്ടംകുളം, നെല്ലിശ്ശേരി, പന്താവൂർ, ചങ്ങരംകുളം, നടുവട്ടം, കുറ്റിപ്പാല, ചോലക്കുന്ന്, തൈക്കാട് തുടങ്ങിയ ഗ്രാമങ്ങളിലൂടെയെല്ലാം ചുറ്റി വീണ്ടും എടപ്പാളിലെത്തും.
അവിടെനിന്ന് രാവിലെ നടത്തിയതുപോലെ വീണ്ടും കറങ്ങി അവിടെനിന്നുള്ളവരെയെല്ലാം കയറ്റി ടൗണുകളിലെത്തിക്കും. ഇത്തരത്തിൽ പ്രതിദിനം നാലു സർവീസ്.
ഗ്രാമങ്ങളെ കോർത്തിണക്കും
ആശുപത്രികളിലും ഡെന്റൽ കോളേജ്, ഐ.എച്ച്.ആർ.ഡി. അപ്ലൈഡ് സയൻസ് കോളേജ്, മറ്റു കലാലയങ്ങൾ എന്നിവിടങ്ങളിലെല്ലാം എത്താനും തിരിച്ചുപോകാനും കഴിയുംവിധമാണ് സമയക്രമീകരണം.
ഒട്ടേറെ കുഗ്രാമങ്ങളുൾക്കൊള്ളുന്ന പഞ്ചായത്താണ് വട്ടംകുളം. പല പ്രദേശങ്ങളിലൂടെയും ബസ് സർവീസില്ല. അതുകൊണ്ടാണ് മേഖലയ്ക്ക് ഇത് അനുഗ്രഹമാകുന്നത്.
ഇന്ധനം പഞ്ചായത്തുവക
ബസിന് ആവശ്യമായ ഇന്ധനം പഞ്ചായത്ത് അടിക്കും. പത്തുലക്ഷം രൂപ ഒരുവർഷത്തേക്ക് ഇതിനായി നീക്കിവെച്ചിട്ടുണ്ട്. ഡ്രൈവറെയും കണ്ടക്ടറെയും കെ.എസ്.ആർ.ടി.സി. നിയമിച്ച് ശമ്പളം നൽകും. ബസിന്റെ വരുമാനവും കെ.എസ്.ആർ.ടി.സി.ക്കാണ്.
ഒരു ഗ്രാമപ്പഞ്ചായത്തും കെ.എസ്.ആർ.ടി.സി.യും ചേർന്ന് ജനങ്ങളുടെ യാത്രാക്ലേശമകറ്റാൻ ഇത്തരമൊരു സംവിധാനമൊരുക്കുന്നത് ആദ്യമായാണെന്ന് പ്രസിഡന്റ് കഴുങ്ങിൽ മജീദ് പറഞ്ഞു.