തിരൂരങ്ങാടിയിൽ വേണ്ടത് 3 വെൽനെസ് ക്ലിനിക്കുകൾ; ഒന്നും തുടങ്ങിയില്ല
തിരൂരങ്ങാടി : നഗരസഭയിൽ വെൽനെസ് ക്ലിനിക് ആരംഭിക്കാൻ നടപടി തുടങ്ങി. നഗരസഭയിൽ 3 വെൽനെസ് ക്ലിനിക് ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും ഒന്നു പോലും തുടങ്ങിയിട്ടില്ല. ചുള്ളിപ്പാറ, തിരൂരങ്ങാടി, പന്താരങ്ങാടി എന്നിവിടങ്ങളിലാണ് ക്ലിനിക് തുടങ്ങാൻ കൗൺസിൽ തീരുമാനിച്ചത്. തുടർന്ന് കെട്ടിടം കണ്ടെത്താൻ നിർദേശിക്കുകയും ചെയ്തിരുന്നു. ചുള്ളിപ്പാറയിലും തിരൂരങ്ങാടിയിലും കെട്ടിടങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും വാടക സംബന്ധിച്ച് തീരുമാനമാകാത്തതിനാൽ തുടർനടപടികൾ വൈകുകയായിരുന്നു.
ഇക്കാര്യം ‘മനോരമ’ വാർത്ത നൽകിയിരുന്നു. ഇപ്പോൾ ചുള്ളിപ്പാറയിലെ ക്ലിനിക് കെട്ടിട ഉടമയുമായി ധാരണയായി. ക്ലിനിക്കിലേക്കുള്ള ഫർണിച്ചർ എത്തിച്ചു. ഇവിടെ ക്ലിനിക് തുടങ്ങുന്നതിന്റെ ഭാഗമായുള്ള പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. തിരൂരങ്ങാടിയിലെ ക്ലിനിക് സംബന്ധിച്ച് തീരുമാനമായിട്ടില്ല. കെട്ടിടത്തിന്റെ വാടക സംബന്ധിച്ചാണ് തീരുമാനമാകാത്തത്. പന്താരങ്ങാടിയിൽ കെട്ടിടം കണ്ടെത്തി. ഉടമയുമായി വാടക സംബന്ധിച്ച് ധാരണയിലെത്താനുണ്ട്.
ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ശുചീകരണത്തൊഴിലാളി എന്നിവരാണ് ക്ലിനിക്കിൽ ഉണ്ടാകുക. ദേശീയ ആരോഗ്യ മിഷന്റെ നേതൃത്വത്തിലാണ് ക്ലിനിക് തുടങ്ങുന്നത്. വിവിധ മേഖലകളിൽ ക്ലിനിക് തുടങ്ങി സാധാരണ രോഗങ്ങൾക്കും സ്ഥിരം മരുന്ന് കഴിക്കുന്നവർക്കും ചികിത്സ ലഭ്യമാക്കുന്നതിനായാണ് ക്ലിനിക്കുകൾ ആരംഭിക്കുന്നത്. ജീവനക്കാരെ നിയമിക്കുന്നതിന് നഗരസഭ നടപടി തുടങ്ങിയിട്ടുണ്ട്.