വധുവിന്റെ ബന്ധുക്കള്‍ക്ക് നേരെ പടക്കമെറിഞ്ഞു; കേസില്‍ വരനും സുഹൃത്തുക്കളും റിമാന്‍ഡില്‍
May 3, 2023
തിരുവനന്തപുരം : പേരൂർക്കടയിൽ വിവാഹ സൽക്കാരത്തിനിടെ ഉണ്ടായ കയ്യാങ്കളിക്ക് ഒടുവിൽ വധുവിന്റെ ബന്ധുക്കൾക്ക് നേരെ പടക്കമറിഞ്ഞ കേസിൽ വരനെയും മൂന്നു സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. വരാൻ പോത്തൻകോട് കലൂർ മഞ്ഞമല വിപിൻ ഭവനിൽ വിജിൻ (24), സുഹൃത്തുക്കളായ പോത്തൻകോട് പെരുതല അവനീഷ് ഭവനിൽ ആകാശ് (22), ആറ്റിങ്ങൽ ഊരുപൊയ്ക പുളിയിൽ കണി വീട്ടിൽ വിനീത് (28), ആറ്റിങ്ങൽ ഇളമ്പ വിജിതാ ഭവനിൽ വിജിത്ത് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ സുഹൃത്തുക്കളായ രണ്ടുപേർ ഒളിവിലാണ്. പ്രണയത്തിലായിരുന്ന ക്രൈസ്റ്റ് നഗർ സ്വദേശിനിയും വിജിനും ഞായറാഴ്ചയാണ് വിവാഹിതരായത്. വൈകിട്ട് വധുവിന്റെ വീട്ടുകാർ നടത്തിയ വിവാഹ സൽക്കാരത്തിനിടെ വിജിന്റെ സുഹൃത്തും വധുവിന്റെ ബന്ധുക്കളായ യുവാക്കളും തമ്മിൽ കയ്യാങ്കളി നടന്നു. ഇതിൽ പ്രകോപിതനായി ഇറങ്ങിപ്പോയ വിജിൻ പോത്തൻകോട് നിന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ ശേഷം ആൾക്കൂട്ടത്തിന് നേരെ പടക്കം എറിയുകയായിരുന്നു എന്ന് പോലീസ് പറയുന്നു.