KERALA


ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇനി ആറ് നാൾ

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇനി 6 നാൾ.
ഉത്സവവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ നടത്തുന്ന ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്. സുരക്ഷയൊരുക്കാൻ 3000 പൊലീസുകാരെയാണ് നിയോഗിക്കുക.

കൊവിഡിനെ തുടർന്ന് ചുരുങ്ങിപ്പോയ ആറ്റുകാൽ പൊങ്കാല ഇത്തവണ പൂർണ പകിട്ടോടെയാകും നടക്കുക. ഈ മാസം 27 ന് രാവിലെ ദേവിയെ പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും. വൈകുന്നേരം ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. മാർച്ച് ഒന്നിന് ബാലന്മാരുടെ കുത്തിയോട്ട വ്രതത്തിന് ആരംഭമാകും. ആറ്റുകാൽ പൊങ്കാല മാർച്ച് 7ന് നടക്കും. പാരമ്പര്യ രീതിയിൽ തലസ്ഥാന നഗരം നിറയുന്ന വിധം പൊങ്കാല അർപ്പിക്കാനുള്ള ക്രമീകരമാണ് ഒരുക്കുന്നത്.

ക്ഷേത്രാലങ്കാരങ്ങളടക്കമുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ അറ്റകുറ്റ പണികൾ ഏറെക്കുറെ പൂർത്തിയാക്കി. വഴിവിളക്കുകളുടെയും പൈപ്പ് പൊട്ടലിന്റെയും തകരാറുകൾ പരിഹരിക്കാൻ കൂടുതൽ തൊഴിലാളികളെ വകുപ്പുകൾ ചുമതലപ്പെടുത്തി. ഉത്സവദിവസങ്ങളിൽ കലാപരിപാടികൾ നടക്കുന്ന വേദികളുടെ നിർമാണം ക്ഷേത്രാങ്കണത്തിൽ പുരോഗമിക്കുന്നു.

കൊവിഡ് പ്രതിസന്ധികൾ മാറി വരുന്ന ഉത്സസവകാലത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് വ്യാപാരികൾ. പൊങ്കാല കലങ്ങളും മറ്റ് നേർച്ച വസ്തുക്കളും ഇതിനോടകം നിരത്തുകളിലെത്തിയിട്ടുണ്ട്.ഫാൻസി ടോയ്‌സ്, ആഭരണങ്ങൾ, ലഘുഭക്ഷണശാലകൾ തുടങ്ങി നിരവധി സ്റ്റാളുകളുമായി അന്യസംസ്ഥാനക്കാരടക്കമുള്ളവർ ക്ഷേത്ര മൈതാനിയിൽ തമ്പടിച്ചിട്ടുണ്ട്.ഉത്സവത്തിന് മുന്നോടിയായി തന്നെ വലിയ ഭക്തജന തിരക്കും അനുഭവപ്പെടുന്നുണ്ട്. സുരക്ഷയ്ക്കായി 700 വനിതാ പൊലീസുകാരുൾപ്പെടെ 3000 പൊലീസുകാരെ വിന്യസിക്കും. സിസിടിവികൾ, അറിയിപ്പ് ബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ആരോഗ്യസംവിധാനങ്ങളുടെ ഭാഗമായി ആകെ 27 ആംബുലൻസുകൾ സജ്ജീകരിക്കും. ശുചിത്വ മിഷന്റെയും കോർപ്പറേഷന്റെയും, ഭക്ഷ്യ സുരക്ഷ വകുപ്പിന്റെയും സ്വാഡുകൾ വിവിധയിടങ്ങളിൽ പരിശോധനയും നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button