EDAPPAL

അക്ഷരം പഠിപ്പിച്ചവർക്ക് അക്ഷരം കൊണ്ട് ആദരം

അമ്മയെപ്പോലെസ്നേഹിച്ചും ശാസിച്ചും വിദ്യ പകർന്ന അധ്യാപികയ്ക്ക് ശിഷ്യരുടെ ആദരമായി ഒരു പുസ്തകം

എടപ്പാൾ: ഒട്ടേറെ ശിഷ്യഗണങ്ങളുള്ള ഗുരുക്കൻമാർ ഏറെയുണ്ടാവും. എന്നാൽ, പിറന്നാളിന് ആ ശിഷ്യരിൽ പ്രസിദ്ധരും അപ്രസിദ്ധരുമടക്കം വലിയൊരുനിരതന്നെ ആ അധ്യാപികയെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ പങ്കുവെച്ച് ഒരു പുസ്തകം സമർപ്പിക്കുന്നത് അപൂർവമായിരിക്കും. ഗൗരി ടീച്ചർക്ക് ലഭിച്ചത് അത്തരമൊരു സൗഭാഗ്യമാണ്.

എടപ്പാൾ കൂറ്റനാട് കോട്ടപ്പാടത്ത് പൊറ്റവീട്ടിൽ തറവാട്ടംഗവും തിരൂരിലെ പോസ്റ്റ്മാൻ പരമേശ്വരൻ നായരുടെ ഭാര്യയുമാണ് ഗൗരി. പൊന്നാനി ന്യൂ എൽ.പി. സ്കൂളിലെ പ്രഥമാധ്യാപികയായിരിക്കെ മൂന്നു തലമുറയ്ക്ക് അക്ഷരവെളിച്ചം പകർന്നു. സി. രാധാകൃഷ്ണൻ, മുൻ എം.പി. സി. ഹരിദാസ്, സാഹിത്യനായകരായ ആലങ്കോട് ലീലാകൃഷ്ണൻ, കെ.പി. രാമനുണ്ണി, പി.പി. രാമചന്ദ്രൻ തുടങ്ങി പ്രമുഖരും നാട്ടിലെ സാധാരണക്കാരുമടക്കം 123 പേരാണ് അമ്മയെക്കാൾ സ്നേഹം പകർന്ന അധ്യാപികയെക്കുറിച്ച്, അവരുടെ സാന്ത്വനത്തെക്കുറിച്ച്, ഹൃദയസ്പർശിയായ വാക്കുകൾകൊണ്ടുള്ള ഗുരുദക്ഷിണ അ.. അധ്യാപിക… അമ്മ എന്ന പുസ്തകത്തിൽ അർപ്പിച്ചത്.

കോവിഡ് കാലത്ത് നടക്കേണ്ടിയിരുന്ന നവതി ആഘോഷമാണ് അധ്യാപകദിനത്തോടനുബന്ധിച്ച് നടക്കുന്നത്. 36 വർഷത്തെ സേവനത്തിനുശേഷം 1988-ൽ വിരമിച്ചെങ്കിലും പഴയശിഷ്യർക്കും പുതുതലമുറക്കാർക്കും എന്നും സമീപിക്കാവുന്ന അമ്മയും അധ്യാപികയുമൊക്കെയാണിവർ.

തിരുനാവായ നാവാമുകുന്ദ സ്കൂൾ റിട്ട. കായികാധ്യാപകനായ മകൻ കൃഷ്ണകുമാർ, അംബേദ്കർ യൂണിവേഴ്സിറ്റി ഡീൻ ഡോ. ബാബു പി. രമേശ്, അച്യുത് കുമാർ, ഗോപകുമാർ എന്നിവരാണ് അനുഭവക്കുറിപ്പുകൾ ശേഖരിച്ച് പുസ്തകമാക്കിയത്. കെ.പി. രാമനുണ്ണി അവതാരികയും ഭാസ്‌കർദാസ് വരകൾകൊണ്ടും പുസ്തകം മനോഹരമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button