വൈദ്യനെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി പുഴയിലിട്ടു; ചുരുളഴിഞ്ഞത് കൊടുംക്രൂരത
മലപ്പുറം: മൂലക്കുരുവിനുള്ള ഒറ്റമൂലിയുടെ കൂട്ട് വെളിപ്പെടുത്താത്തത്തിനാണ് മൈസൂരിലെ നാട്ടുവൈദ്യനായ ഷാബാ ഷരീഫിനെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കിയത്. സംഭവത്തിൽ നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. പ്രവാസി വ്യവസായിയായ ഷൈബിൻ അഷ്റഫാണ് കേസിലെ മുഖ്യപ്രതി. ഇയാൾക്ക് പുറമേ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾ കുറ്റം സമ്മതിച്ചതായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് പറഞ്ഞു.
2019 ഓഗസ്റ്റിലാണ് ഷൈബിനും സംഘവും ഷാബാ ഷരീഫിനെ മൈസൂരുവിൽ നിന്ന് തട്ടിക്കൊണ്ടുവന്നത്. ലക്ഷ്യം മൂലക്കുരുവിനുള്ള ഒറ്റമൂലിയുടെ കൂട്ട് മനസിലാക്കുക. അതിന്റെ വിപണനസാധ്യത പ്രയോജനപ്പെടുത്തുക. ഒരു വർഷത്തിലേറെയാണ് ഷാബാ ഷരീഫിനെ തടവിൽ പാർപ്പിച്ചത്. തടവിൽ ഷരീഫിന് നേരിടേണ്ടി വന്നത് ക്രൂരമായ മർദനങ്ങൾ. മർദനമേറ്റിട്ടും ആ ഒറ്റമൂലിയുടെ രസഹ്യം ഷരീഫ് വെളിപ്പെടുത്തിയില്ല. ഇതിനിടെ 2020 ഒക്ടോബറിൽ ഷരീഫ് കൊല്ലപ്പെട്ടു. ഇതോടെയാണ് മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കിയത്. എടവണ്ണ സീതിഹാജി പാലത്തിൽ നിന്നാണ് മൃതദേഹം ചാലിയാർ പുഴയിൽ തള്ളിയത്.
പ്രതികൾ തമ്മിലെ സാമ്പത്തിക പ്രശ്നങ്ങളാണ് ക്രൂര കൊലപാതകത്തിന്റെ പിന്നാമ്പുറക്കഥകളിലേക്ക് എത്തിച്ചത്.
വൈദ്യനെ തട്ടിക്കൊണ്ടുവന്നതിനും കൊലപ്പെടുത്തിയതിനും കൂട്ടുപ്രതികൾക്ക് ഷൈബിൻ പണം വാഗ്ദാനം ചെയ്തിരുന്നു. ഇത് ലഭിക്കാതായതോടൊയാണ് കൂട്ടുപ്രതികൾ രംഗത്തിറങ്ങിയത്. അതിന് അവർ കണ്ട മാർഗം ഷൈബിന്റെ വീട്ടിൽ മോഷണം നടത്തലായിരുന്നു. ഷൈബിന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ ഇവർ നിർണായക ദൃശ്യങ്ങളടങ്ങിയ ലാപ്ടോപ്പ് അടക്കമുള്ളവ കവർച്ച ചെയ്തു.
ഈ സംഭവം ഷൈബിൻ തന്നെ പൊലീസിൽ അറിയിച്ചതാണ് കേസിലെ മറ്റൊരു വഴിത്തിരിവ്. ഷൈബിന്റെ പരാതിയിൽ പ്രതികളിലൊരാളെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെയാണ് കവർച്ചാക്കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ ആത്മഹത്യാശ്രമം നടത്തിയത്. തങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് പറഞ്ഞ ഇരുവരും ഷൈബിനൊപ്പം കൊലപാതകം നടത്തിയതും വെളിപ്പെടുത്തുകയായിരുന്നു. ഈ വിവരങ്ങൾ നിലമ്പൂർ പൊലീസിന് കൈമാറിയതോടെയാണ് ഷൈബിന്റെ അറസ്റ്റിലേക്ക് എത്തുന്നതും ക്രൂരകൊലപാതകത്തിന്റെ വിവരങ്ങൾ പുറത്ത് അറിയുന്നതും.