BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES

മന്ത്രി എൻ ഷംസുദ്ദീനെയും KSEB ചതിച്ചു’ മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ പ്രസംഗം പൂർത്തിയാക്കി

മലപ്പുറം: തിരൂരിൽ മന്ത്രി എൻ ഷംസുദ്ദീൻ പ്രസംഗിക്കുന്നതിനിടെ കറന്റ് പോയി. ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങിനിടെയാണ് വൈദ്യുതി മുടങ്ങിയത്.മൊബൈൽ ഫോണിൻറെ വെളിച്ചത്തിലാണ് മന്ത്രി പ്രസംഗം പൂർത്തിയാക്കിയത്.സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടെന്നുള്ളത് വളരെ യാഥാർഥ്യമായിട്ടുള്ള കാര്യമാണെന്നും പരിഹരിക്കാനുള്ള തിരക്കിട്ട ശ്രമങ്ങൾ സർക്കാർ നടത്തുകയാണ്.

വൈകാതെ തന്നെ അതിന് പരിഹാരമാകുമെന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു.അതേസമയം, സംസ്ഥാനത്ത് വൈദ്യുത പ്രതിസന്ധി അതി രൂക്ഷമായി തുടരുകയാണ്. രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ രണ്ടിൽ അധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി. വൈദ്യുതി ഉപഭോഗത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പീക്ക് ടൈമിൽ 5000 മെഗാവാട്ടിൽ അധികമാണ് വൈദ്യുതി ഉപഭോഗം. മറ്റു സംസ്ഥാനങ്ങളിലും വൈദ്യുതിയുടെ ആവശ്യകത ഉയർന്നതിനാൽ പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ല.

കേന്ദ്ര വിഹിതമായ 150 മെഗാവാട്ടു മാത്രമാണ് അധികമായി കിട്ടിയത്. ഗ്രിഡ് ഫ്രീക്വൻസിയിലും കുറവ് അനുഭവപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിയെങ്കിലും കരാറിൽ അന്തിമ തീരുമാനമായിട്ടില്ല. അന്തരീക്ഷ താപനില ഉയർന്നതും വൈദ്യുതി ഉപയോഗം കൂട്ടി. ഈ മാസം അവസാനം വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പവർ എക്സ്ചേഞ്ചിൽ നിന്നും വൈദ്യുതി കിട്ടിയില്ലെങ്കിൽ അടുത്ത മാസങ്ങളിലും സമാനമായ പ്രതിസന്ധി തുടരാനാണ് സാധ്യത.കേരളം ആവശ്യപ്പെടുന്ന തുകയ്ക്ക് മറ്റ് സംസ്ഥാനങ്ങൾ വൈദ്യുതി നൽകാൻ തയ്യാറാകാത്തതും പ്രതിസന്ധി ഇരട്ടിയാക്കുന്നു. കൈമാറ്റ കരാറിലൂടെയുള്ള വൈദ്യുതിയും ഇന്നലെ ലഭിച്ചിട്ടില്ല.

കാറ്റാടി നിലയങ്ങളിൽ നിന്നുള്ള ഉത്പാദനം കുറഞ്ഞതും തിരിച്ചടിയായി. ഓൾ ഇന്ത്യ തലത്തിൽ 5000 മെഗാവാട്ട് വരെ ഡിമാൻഡ് കൂടിയതും വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കി. ദേശീയതലത്തിൽ പന്ത്രണ്ടായിരം മെഗാവാട്ടിന്റെ കുറവ് ഇതുവരെ പൂർണമായി പരിഹരിക്കാൻ കഴിഞ്ഞിട്ടുമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button