മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് മർകസിൽ ഉജ്ജ്വല വരവേൽപ്പ്; കോഴിക്കോട് സുരക്ഷാവലയത്തിൽ
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് കാരന്തൂർ മർകസിൽ ഉജ്ജ്വല വരവേൽപ്പ്.അഞ്ച് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഇന്ന് വൈകിട്ട് കേരളത്തിലെത്തിയത്.ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് സന്ദർശനം.
ഇന്നത്തെ പരിപാടികൾ
വൈകിട്ട് 6.30ന് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ പ്രത്യേക സുരക്ഷാ വലയത്തിൽ കാരന്തൂരിലെ മർകസ് സെൻട്രൽ കാമ്പസിലേക്ക് ആനയിച്ചു.വൈകിട്ട് 7.30 മുതൽ രാത്രി 9.30 വരെ മർകസിൽ ചെലവഴിക്കും. ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ‘എക്സലൻസ് അവാർഡ്’ മലേഷ്യൻ പ്രധാനമന്ത്രിക്ക് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സമ്മാനിക്കും.മർകസ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന പ്രത്യേക പ്രാർഥനാ സംഗമത്തിലും ഗ്രാൻഡ് മുഫ്തി ഒരുക്കുന്ന വിരുന്നിലും അദ്ദേഹം പങ്കെടുക്കും.വിദ്യാഭ്യാസം, വൈജ്ഞാനികം, സാമൂഹിക വികസനം, മതസൗഹാർദ്ദം തുടങ്ങിയ വിഷയങ്ങളിൽ മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സുപ്രധാന ചർച്ചയും നടക്കും.തുടർന്ന് കാന്തപുരത്തിനൊപ്പം ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മടവൂർ സി.എം വലിയുല്ലാഹി മഖാം അദ്ദേഹം സന്ദർശിക്കും. അവിടെ 20 മിനിറ്റ് ചെലവഴിച്ച ശേഷം രാത്രി 10ന് താമസസ്ഥലത്തേക്ക് മടങ്ങും. നാളെ മാലിദ്വീപിലേക്ക് തിരിക്കും.
രണ്ടാം സന്ദർശനം:
ഇത് രണ്ടാം തവണയാണ് അൻവർ ഇബ്രാഹിം കാന്തപുരത്തെ കാണാൻ കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിയാകുന്നതിന് തൊട്ടുമുമ്പ് 2022 സെപ്റ്റംബറിലായിരുന്നു ആദ്യ സന്ദർശനം. അന്നും മടവൂർ മഖാം സന്ദർശിച്ചിരുന്നു.ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിൽ കാന്തപുരം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. 2023ൽ മതപണ്ഡിതർക്കുള്ള പരമോന്നത ബഹുമതിയായ ഹിജ്റ പുരസ്കാരം മലേഷ്യൻ സർക്കാർ കാന്തപുരത്തിന് സമ്മാനിച്ചിരുന്നു. കൂടാതെ 2023, 24, 25 വർഷങ്ങളിൽ ക്വാലാലംപൂരിൽ കാന്തപുരത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമങ്ങളും സംഘടിപ്പിച്ചിരുന്നു.സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരവും പരിസരവും അതീവ സുരക്ഷാവലയത്തിലാണ്. ഇന്ത്യൻ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നൽകുന്നതിന് സമാനമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്റലിജൻസ് എ.ഡി.ജി.പി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കി. നഗരത്തിലും മലപ്പുറത്തെയും ഹോട്ടലുകൾ, ലോഡ്ജുകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനയും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.