സംസ്ഥാനത്തെ മാലിന്യ ശേഖരണരീതി മാറുന്നു; ഇനി കാശ് കിട്ടും!
തിരുവനന്തപുരം: സംസ്ഥാനത്ത് വീടുകളില്‍ നിന്നുള്ള അജൈവമാലിന്യം ശേഖരിക്കുന്ന രീതിയില്‍ സമഗ്ര മാറ്റത്തിനൊരുങ്ങി തദ്ദേശവകുപ്പ്.ഇതുപ്രകാരം സംസ്കരിച്ച് ഉപയോഗിക്കാവുന്നവയ്ക്ക് പ്രതിഫലം നല്‍കാനാണ് ആലോചിക്കുന്നത്. വീട്ടുകാരെ മാലിന്യങ്ങള്‍ തരംതിരിക്കാൻ പ്രേരിപ്പിക്കാനും സംസ്കരണം സാധ്യമല്ലാത്ത ഒറ്റത്തവണ മാത്രം ഉപയോഗമുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളുടെ ഉപയോഗം കുറയ്ക്കാനും വേണ്ടിയാണ് പ്രതിഫലം നല്‍കുന്നത് പരിഗണിക്കുന്നത്. അതേസമയം, വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ഹരിതകർമസേന യൂസർ ഫീ ശേഖരിക്കുന്നതു തുടരും.യുഡിഎഫ് സർക്കാരിന് കീഴില്‍ പുനഃസംഘടിപ്പിച്ച സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിന്റെ ആദ്യ യോഗത്തിലാണ് പദ്ധതിയുടെ പ്രാഥമിക ചർച്ചകള്‍ നടന്നത്. വീടിന്റെ വലുപ്പമനുസരിച്ച് യൂസർ ഫീ പിരിക്കാനും ആലോചിക്കുന്നുണ്ട്. ചെറിയ വീട് ഉള്ളവർ കുറഞ്ഞ തുക നല്‍കിയാല്‍ മതിയാകും. ഓഡിറ്റിന് വിധേയമാക്കിയാവും യൂസർ ഫീ പിരിക്കുക.
മാലിന്യ സംസ്കരണ പദ്ധതികളെ കുറിച്ച് സമഗ്രമായി പഠിക്കാനും ശാസ്ത്രീയവും സുസ്ഥിരവുമായ പദ്ധതികള്‍ തയ്യാറാക്കാനുമായി കേരള പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അനില്‍ അക്കര ചെയർമാൻ ആയും ക്ലീൻ കേരള കമ്പനി ലിമിറ്റഡ് മുൻ മാനേജിങ് ഡയറക്ടർ കബീർ ബി ഹാറൂണ്‍ കണ്‍വീനർ ആയും ഉപസമിതിയും രൂപീകരിച്ചിട്ടുണ്ട്.അതേസമയം പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിക്കുന്ന ബോർഡുകള്‍, ബാനറുകള്‍, പോസ്റ്റുകള്‍, കൊടി തോരണങ്ങള്‍ എന്നിവയ്ക്ക് ഒന്നിന് 5000 രൂപ വീതം പിഴ ഈടാക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. പിഴക്ക് പുറമേ ഇവ നീക്കം ചെയ്യാനും സംസ്കരിക്കാനുമുള്ള ചെലവും ഈടാക്കണം. വീഴ്ച വരുത്തിയാല്‍ ഈ തുക തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍ നിന്ന് വ്യക്തിപരമായി ഈടാക്കുമെന്നും ഉത്തരവിലുണ്ട്.