BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES

ചെട്ടിപ്പടിയിൽ അപൂർവ്വ പ്രതിഭാസം: കടൽ 100 മീറ്റർ ഉൾവലിഞ്ഞു; അരക്കിലോമീറ്ററോളം തീരം ചെളിമയം.

പരപ്പനങ്ങാടി ചെട്ടിപ്പടി ആലങ്ങൽ ബീച്ചിൽ കടൽ പെട്ടെന്ന് നൂറ് മീറ്ററോളം ഉൾവലിഞ്ഞത് തീരദേശവാസികളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കടൽ ഭിത്തിയോട് ചേർന്നുനിന്ന വെള്ളം പെട്ടെന്ന് പിന്നോട്ട് മാറിയത് ആളുകളുടെ ശ്രദ്ധയിൽപെട്ടത്. ആലങ്ങൽ ബീച്ച് ബദർ പള്ളി മുതൽ വടക്കോട്ട് അര കിലോമീറ്ററോളം നീളത്തിലാണ് കടൽത്തീരം വലിയ തോതിൽ ഉൾവലിഞ്ഞ് കിടക്കുന്നത്.ജലം ഉൾവലിഞ്ഞ ഭാഗങ്ങളെല്ലാം കനത്ത ചെളിമയമായ അവസ്ഥയിലാണ്. മുമ്പ് സുനാമി ഉണ്ടായ സമയത്തും തുടർന്നുള്ള ചില ഘട്ടങ്ങളിലും മീൻ ചാകരയുടെ സമയത്തും കടൽ ഉൾവലിയുന്ന പ്രതിഭാസം കണ്ടിട്ടുണ്ടെങ്കിലും, ഇത്രയധികം ചെളികരയിൽ അടിയുന്നത് അപൂർവ്വമാണെന്ന് പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾ പറയുന്നു.പുറംകടലിൽ ഉണ്ടാകുന്ന ശക്തമായ ഇളകിമറിയലുകൾ മൂലം അടിത്തട്ടിലെ ചെളി ഇളകി കരയിലേക്ക് എത്തുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. കൂടാതെ, അന്തരീക്ഷത്തിലെയും കടലിലെയും താപനില ഉയർന്നു നിൽക്കുന്ന സമയത്തുണ്ടാകുന്ന വേലിയേറ്റ വ്യതിയാനങ്ങളും കടൽ ഉൾവലിയാൻ ഇടയാക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.സാധാരണയായി ചെളിയടിയുന്ന ഭാഗങ്ങളിൽ കടലാക്രമണ സാധ്യത കുറവായിരിക്കുമെങ്കിലും, ഈ ചെളി പെട്ടെന്ന് നീങ്ങിപ്പോയാൽ കടൽ ശക്തമായി ക്ഷോഭിക്കാൻ സാധ്യതയേറെയാണ്. 2004-ലെ സുനാമി സമയത്ത് കടൽ ഇതുപോലെ ഉൾവലിഞ്ഞ ശേഷമാണ് വലിയ തിരമാലകൾ ആഞ്ഞടിച്ചതെന്ന് അനുഭവമുള്ളതിനാൽ പ്രദേശവാസികൾ വലിയ ഭീതിയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button