പാലക്കാട്ടെ വൻ ലഹരിവേട്ട; ദമ്പതികൾക്കും സുഹൃത്തിനും പിന്നാലെ മുഖ്യ സൂത്രധാരനും പിടിയിൽ
പാലക്കാട്: ഓണക്കാലത്തെ പ്രത്യേക വിൽപനയ്ക്കായി ലഹരിവസ്തുക്കൾ കേരളത്തിലേക്കെത്തിച്ച സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. ലഹരിക്കടത്തിലെ മുഖ്യസൂത്രധാരനായ സലിം എന്നയാളാണ് പിടിയിലായത്. ലഹരിക്കടത്തിന്റെ സാമ്പത്തിക സ്രോതസും സലിം തന്നെയാണെന്ന് പൊലീസ് പറയുന്നു.ബംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേയ്ക്ക് സലിം ലഹരി എത്തിച്ചതിനുശേഷം കാരിയർമാർ വഴി കേരളത്തിലേയ്ക്ക് കടത്തുകയായിരുന്നു. കേസിൽ നേരത്തെ പിടിയിലായ മറ്റൊരു പ്രതിയിൽ നിന്നാണ് സലിമിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ദമ്പതികളും സുഹൃത്തും ലഹരിവസ്തുക്കളുമായി കഴിഞ്ഞദിവസം പിടിയിലായത്.ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നോർത്ത് പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ ലഹരി പിടികൂടിയത്. ഒലവക്കോട് ജംഗ്ഷനിൽ ഇന്നലെ പുലർച്ചെയോടെയാണ് മൂന്നംഗ സംഘം പിടിയിലായത്. കോട്ടയംസ്വദേശി മുഹമ്മദ് നിഷി (26), മലപ്പുറം സ്വദേശി മുഹമ്മദ് അസുറുദീൻ (30), ഭാര്യ കർണാടക സ്വദേശി ബി.ഫാത്തിമ (27) എന്നിവരാണ് പിടിയിലായത്.ഒരു കിലോഗ്രാമോളം എം.ഡി.എം.എ, കൊക്കെയ്ൻ, ബ്രൗൺ ഷുഗർ, എൽ.എസ്.ഡി സ്റ്റാമ്പ്, ഹൈബ്രിഡ് കഞ്ചാവ് എന്നിവ ഇവരിൽ പിടിച്ചെടുത്തു. പുലർച്ചെ രണ്ട് മണിക്ക് ആരംഭിച്ച പരിശോധനക്കൊടുവിൽ അഞ്ച് മണിയോടെ കാറിന്റെ ഡീസൽ ടാങ്കിന് സമീപം പ്രത്യേകമായി പൊതിഞ്ഞു സൂക്ഷിച്ച നിലയിൽ ലഹരിവസ്തുക്കൾ കണ്ടെടുക്കുകയായിരുന്നു. തമിഴ്നാട് നിന്ന് വാടകയ്‌ക്കെടുത്ത ഇന്നോവ കാറിലായിരുന്നു ലഹരിക്കടത്ത്. പ്രതികൾ സ്ഥിരമായി ലഹരികടത്തുന്നവരാണെന്നും പിന്നിൽ വൻ റാക്കറ്റുണ്ടെന്നും പൊലീസ് അറിയിച്ചു.